ന്യൂ ഡൽഹി– 2025 സെപ്റ്റംബർ 9 മുതൽ യു.എ.ഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുപ്പ് സംബന്ധിച്ച സൂചനകൾ പുറത്തുവരുകയാണ്. പുതുമുഖങ്ങളായ ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, സായി സുദർശൻ എന്നിവർക്ക് ടീമിൽ ഇടം നേടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐ.പി.എൽ ഫോമിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സെലക്‌ടർമാരുടെ പ്രത്യേക പരിഗണനയ്ക്ക് വിധേയരാക്കിയതെന്നാണ് അറിയുന്നത്.
ഗൗതം ഗംഭീറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീമിന് പുതിയ രൂപം നൽകാനുള്ള നീക്കങ്ങൾ തുടരുകയായാണ്. ട്രോഫിയിലേക്കുള്ള ദൗത്യം തുടക്കം കുറിക്കാൻ പോകുമ്പോൾ, ഓപ്പണർ സ്ഥാനങ്ങൾക്കുള്ള മൽസരം ശക്തമാകുകയാണ്. ഗംഭീർ കോച്ചായതിന് ശേഷം ടി20 ടീമിലെ സ്ഥിരം ഓപ്പണറായിരുന്ന മലയാളിയായ സഞ്ജു സാംസണിൻ്റെ സ്ഥാനം സംശയാസ്പദമാക്കുന്നതാണ് പുതിയ സാഹചര്യം.
പിടിഐയുടെ റിപ്പോർട്ട് പ്രകാരം, അഗസ്ത് രണ്ടാം ആഴ്ചയ്ക്കുള്ളിൽ ബി.സി.സി.ഐ ഔദ്യോഗിക പ്രഖ്യാപനം നടത്തും എന്നാണ് പ്രതീക്ഷ. സെപ്റ്റംബറിൽ തുടങ്ങുന്ന ടി20 ലോകകപ്പ് കണക്കിലെടുത്താൽ ഏഷ്യാ കപ്പിലെ പ്രകടനം ഓരോ കളിക്കാരനും നിർണായകമായി മാറും.
ഗിലിന്റെ പേരു പ്രത്യേകമായി ശ്രദ്ധേയമാണ്. ടെസ്റ്റ് അരങ്ങേറ്റത്തിലെ ശൈലി നിറഞ്ഞ പ്രകടനങ്ങൾ, സെഞ്ചുറികൾ, ഡബിൾ സെഞ്ചുറി, റെക്കോഡുകൾ. റെഡ് ബോളിൽ നിന്ന് വൈറ്റ് ബോളിലേക്കുള്ള മടങ്ങി വരവ് കൂടിയായിരിക്കും ഈ ഏഷ്യാ കപ്പ്.
ഇത് മാത്രമല്ല, ബൗളിംഗ് വിഭാഗത്തിലും ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട്. മുഹമ്മദ് സിറാജ് മുഴുവൻ ഇംഗ്ലണ്ട് പരമ്പരയും കളിച്ചപ്പോഴും ജസ്പ്രീത് ബുംറക്ക് കുറച്ച് മത്സരങ്ങളിൽ മാത്രമേ അവസരം ലഭിച്ചുള്ളൂ. അവരെ വിശ്രമിപ്പിക്കാനുള്ള സാധ്യതയും ടീമിനുള്ളിൽ ചർച്ചകളിലുണ്ട്.
ടൂർണമെന്റ് അവസാനിക്കുന്ന ഉടൻ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്ന സാഹചര്യത്തിൽ, കളിക്കാരുടെ വർക്ക് ലോഡ് മാനേജ്മെന്റിന് മുൻഗണനയാകും.
ടി20 ഫോർമാറ്റിലായിരിക്കുന്ന ഏഷ്യാ കപ്പ് ഇത്തവണ യു.എ.ഇയിൽ വച്ചാണ് നടക്കുന്നത്. സെപ്റ്റംബർ 9ന് ആരംഭിച്ച് സെപ്റ്റംബർ 28നാണ് ഫൈനൽ. ഇന്ത്യ, പാകിസ്ഥാൻ, യു.എ.ഇ, ഒമാൻ എന്നിങ്ങനെ ഗ്രൂപ്പുകൾ നേരത്തെ പ്രഖ്യാപിച്ചിരിന്നു. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലായതും ഏറെ ചർച്ചയായിരുന്നു. സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ ഈ ടൂർണമെന്റിൽ പ്രതീക്ഷകളോടെ ഇറങ്ങുന്നത്.
സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായ അജിത് അഗാർക്കർ ഉടൻ ഔദ്യോഗിക സംഘത്തെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ