ദുബൈ– ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഹോങ്കോങ്ങിനെ 94 റൺസിന് തകർത്തു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാൻ, 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഹോങ്കോങ് 20 ഓവറിൽ 9 വിക്കറ്റിന് 94 റൺസിൽ ഒതുങ്ങി.
ഹോങ്കോങ്ങിന്റെ ബാബർ ഹയാത്ത് (43 പന്തിൽ 39) മാത്രമാണ് ശ്രദ്ധേയമായ സ്കോർ നേടിയത്. നായകൻ യസീം മുർത്താസ (26 പന്തിൽ 16) ഒഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. സീസാൻ അലി (6 പന്തിൽ 5), അൻഷി രാത്ത് (0), നിസ്കാത് ഖാൻ (0), കൽഹാൻ ചില്ലു (8 പന്തിൽ 4), കിൻചിത് ഷാ (10 പന്തിൽ 6), അയ്സാസ് ഖാൻ (10 പന്തിൽ 6), ഇഹ്സാൻ ഖാൻ (11 പന്തിൽ 6) എന്നിവർ പെട്ടെന്ന് പുറത്തായി. അഫ്ഗാന്റെ ഗുൽബാദിൻ നായിബും ഫസൽഹഖ് ഫാറുഖിയും 2 വിക്കറ്റ് വീതവും റാഷിദ് ഖാൻ, അസ്മത്തുല്ല ഒമർസായി, നൂർ അഹ്മദ് എന്നിവർ ഓരോ വിക്കറ്റും നേടി.
അഫ്ഗാന്റെ ഓപ്പണർ സെദിഖുല്ല അതാലിന്റെ (52 പന്തിൽ 73, 3 സിക്സ്, 6 ഫോർ) പുറത്താകാതെയുള്ള ഇന്നിങ്‌സും അസ്മത്തുല്ല ഒമർസായിയുടെ (21 പന്തിൽ 53, 5 സിക്സ്, 2 ഫോർ) വെടിക്കെട്ട് അർധസെഞ്ചുറിയും മികച്ച സ്കോറിന് അടിത്തറയിട്ടു. 20 പന്തിൽ അർധസെഞ്ചുറി നേടിയ ഒമർസായി, ട്വന്റി20-യിൽ അഫ്ഗാൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ അർധസെഞ്ചുറി റെക്കോർഡിട്ടു.
26 റൺസിൽ 2 വിക്കറ്റ് നഷ്ടമായപ്പോൾ മുഹമ്മദ് നബി (26 പന്തിൽ 33)യുമായി സെദിഖുല്ല 51 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗുൽബാദിൻ നായിബ് (8 പന്തിൽ 5) പെട്ടെന്ന് മടങ്ങി. സെദിഖുല്ലയും ഒമർസായിയും ചേർന്ന 5-ാം വിക്കറ്റിൽ 82 റൺസ് കൂട്ടിച്ചേർത്തു. കരീം ജനത് (3 പന്തിൽ 2), റാഷിദ് ഖാൻ (1 പന്തിൽ 3, പുറത്താകാതെ) എന്നിവരാണ് മറ്റ് ബാറ്റർമാർ. അവസാന 10 ഓവറിൽ 111 റൺസ് അഫ്ഗാൻ അടിച്ചെടുത്തു.
ഫീൽഡിങ് പിഴവുകൾ ഹോങ്കോങ്ങ് ടീമിന് തിരിച്ചടിയായി. സെദിഖുല്ലയുടെ 2 ക്യാച്ചുകളും ഒമർസായിയുടെ 1 ക്യാച്ചും വിട്ടുകളഞ്ഞു. ഹോങ്കോങ്ങിനായി ആയുഷ് ശുക്ലയും കിൻചിത് ഷായും 2 വിക്കറ്റ് വീതം നേടി.