ലണ്ടൻ– പ്രീമിയർ ലീഗ് സീസൺ ആവേശകരമായ വിജയത്തോടെ ആരംഭിച്ച് ആഴ്സണൽ. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോൾ നേടാനാകാത്തത് തിരിച്ചടിയായി.
മത്സരത്തിന്റെ തുടക്കം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആക്രമണോത്സുകമായി കളിച്ചെങ്കിലും, ആഴ്സണലിന്റെ സെറ്റ് പീസ് തന്ത്രം അവർക്ക് മുൻതൂക്കം നൽകി. 13-ാം മിനിറ്റിൽ ഒരു കോർണർ കിക്കിൽ നിന്ന് ഗോൾ പിറന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ബയിന്റിന്റെ പഞ്ച് ക്ലിയർ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ, കലിയഫോർ ഹെഡറിലൂടെ പന്ത് വലയിൽ എത്തിച്ചു.
ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. ഡോർഗുവിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി, കുൻഹയുടെ ഷോട്ട് ആഴ്സണൽ ഗോൾകീപ്പർ റയ മനോഹരമായി തടുത്തു. 1-0 എന്ന ലീഡുമായി ആഴ്സണൽ ആദ്യ പകുതി അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആക്രമണം ശക്തമാക്കാൻ അമദ് ദിയാലോയെയും പുതിയ താരം സെസ്കോയെയും ഇറക്കി. എന്നാൽ, ആഴ്സണലിന്റെ ഉറച്ച പ്രതിരോധം യുണൈറ്റഡിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തി. 74-ാം മിനിറ്റിൽ എംബ്യൂമോയുടെ ഹെഡർ റയയുടെ മിന്നും സേവിലൂടെ രക്ഷപ്പെടുത്തി, ആഴ്സണലിന്റെ വിജയം ഉറപ്പാക്കി.