മാഡ്രിഡ്: സ്പാനിഷ് ലീഗ് പ്രമുഖരായ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും വന്‍ തിരിച്ചടി ആയി താരങ്ങളുടെ പരിക്ക്. ബാഴ്‌സലോണ താരങ്ങളായ ലാമിന്‍ യമാല്‍, റോബര്‍ട്ടോ ലെവന്‍ഡോസ്‌കി, റയല്‍ മാഡ്രിഡ് താരങ്ങളായ റൊഡ്രിഗോ, വാസ്‌കസ് എന്നിവരാണ് പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായിരിക്കുന്നത്. കിരീട പോരില്‍ മുന്നില്‍ നില്‍ക്കുന്ന ബാഴ്‌സലോണയ്ക്ക് കഴിഞ്ഞ മല്‍സരങ്ങളില്‍ താരങ്ങളുടെ പരിക്ക് നേരിട്ട് ബാധിക്കുകയും ചെയ്തു.
ബാഴ്‌സലോണ റയല്‍ സോസിഡാഡിനോട് ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.സ്പാനിഷ് താരം ലാമിന്‍ യമാലിന് വലത് കാലിനാണ് പരിക്കേറ്റത് താരം മൂന്നാഴ്ച പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. നാഷന്‍സ് ലീഗില്‍ ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്റ് എന്നിവര്‍ക്കെതിരായ മല്‍സരവും താരത്തിന് നഷ്ടമാവും. ലാ ലിഗയിലെ ടോപ് സ്‌കോറര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി പരിക്കിനെ തുടര്‍ന്ന് രണ്ടാഴ്ചയാണ് പുറത്തിരിക്കേണ്ടി വരിക.
റയല്‍ മാഡ്രിഡിന് നിലവില്‍ നാല് താരങ്ങളാണ് പരിക്കിനെ തുടര്‍ന്ന് പുറത്തിരിക്കുന്നത്. ഡാനി കാര്‍വജാല്‍, മിലിറ്റാവോ എന്നിവരും റയല്‍ ക്യാംപില്‍ പരിക്കിനോട് മല്ലിടുകയാണ്. ഡാനി കാര്‍വജാല്‍ ആഴ്ചകളായി ടീമിന് പുറത്താണ്. ബ്രസീല്‍ താരം മിലിറ്റാവോ എസിഎല്‍ ഇഞ്ചുറിയുമായി പുറത്താണ്. താരം അടുത്ത വര്‍ഷമാണ് ഫീല്‍ഡില്‍ തിരിച്ചെത്തുക. റൊഡ്രിഗോ ഒരു മാസം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
വാസ്‌കസും തിരിച്ചെത്താന്‍ സമയം എടുക്കും. സ്പാനിഷ് ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തിയെങ്കിലും റയലിനെ പരിക്ക് കാര്യമായി വേട്ടയാടും.മാഡ്രിഡിന്റെ ഡേവിഡ് ആല്‍ബയും കൊര്‍ട്ടോയിസും പരിക്കിന്റെ പിടിയിലാണ്. സ്പാനിഷ് ലീഗില്‍ ടോപ് ഫോറില്‍ നിലനില്‍ക്കുകയെന്നത് റയലിന് കനത്ത വെല്ലുവിളിയാവും. രണ്ടാഴ്ച കഴിഞ്ഞ ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെയാണ് റയല്‍ നേരിടേണ്ടത്. നിലവില്‍ ചാംപ്യന്‍സ് ലീഗിലും റയല്‍ മോശം ഫോമിലാണ്.