മെൽബൺ– ടെന്നീസ് ലോകത്ത് പുതിയൊരു ലോക റെക്കോർഡും കൂടി സ്ഥാപിച്ച് പ്രഖ്യാപിച്ച് സ്പാനിഷ് യുവതാരം കാർലോസ് അൽകാരാസ്. മെൽബൺ പാർക്കിൽ നടന്ന ആവേശകരമായ ഫൈനലിൽ ഇതിഹാസ താരം നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി അൽകാരാസ് തന്റെ കന്നി ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കി. ഇതോടെ നാല് ഗ്രാൻഡ്‌സ്ലാം കിരീടങ്ങളും (കരിയർ ഗ്രാൻഡ്‌സ്ലാം) നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന ചരിത്രനേട്ടം ഇരുപത്തിരണ്ടുകാരനായ അൽകാരാസ് സ്വന്തം പേരിലാക്കി.
നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 2-6, 6-2, 6-3, 7-5 എന്ന സ്കോറിനായിരുന്നു അൽകാരാസിന്റെ വിജയം. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചുവന്ന അൽകാരാസിന് മുന്നിൽ പത്തുതവണ മെൽബണിൽ മുത്തമിട്ട ജോക്കോവിച്ചിന് മറുപടിയുണ്ടായിരുന്നില്ല.
വിംബിൾഡൺ (2), ഫ്രഞ്ച് ഓപ്പൺ (2), യുഎസ് ഓപ്പൺ (2) എന്നിവയ്ക്ക് ശേഷം ഓസ്‌ട്രേലിയൻ ഓപ്പണും നേടിയതോടെ കരിയർ ഗ്രാൻഡ്‌സ്ലാം തികയ്ക്കുന്ന ഒമ്പതാമത്തെ പുരുഷ താരമായി അൽകാരാസ് മാറി. വിജയത്തോടെ എടിപി റാങ്കിംഗിൽ ഒന്നാം സ്ഥാനം അൽകാരാസ് നിലനിർത്തി. ഇറ്റാലിയൻ താരം യാനിക്ക് സിന്നറാണ് രണ്ടാം സ്ഥാനത്ത്. 2023 സെപ്റ്റംബറിലെ യുഎസ് ഓപ്പണിന് ശേഷം നടന്ന ഒമ്പത് ഗ്രാൻഡ്‌സ്ലാം ടൂർണമെന്റുകളും അൽകാരാസും സിന്നറും ചേർന്നാണ് പങ്കിട്ടെടുത്തത്.
തന്റെ ഇരുപത്തിയഞ്ചാം ഗ്രാൻഡ്‌സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ മുപ്പത്തിയെട്ടുകാരനായ ജോക്കോവിച്ചിന് മെൽബണിൽ പിഴച്ചു. വിജയിച്ചിരുന്നെങ്കിൽ മാർഗരറ്റ് കോർട്ടിന്റെ (24 കിരീടങ്ങൾ) റെക്കോർഡ് മറികടന്ന് ടെന്നീസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മേജർ കിരീടങ്ങൾ നേടുന്ന താരമാകാമായിരുന്നു ജോക്കോവിച്ചിന്. കൂടാതെ, ഓപ്പൺ യുഗത്തിൽ ഗ്രാൻഡ്‌സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന കെൻ റോസ്‌വാളിന്റെ (37 വയസ്സ്) റെക്കോർഡ് തകർക്കാനും ജോക്കോവിച്ചിന് സാധിച്ചില്ല.



