റിയാദ്: സൗദി പ്രോ ലീഗില്‍ ജയം തുടര്‍ന്ന് ക്രിസ്റ്റ്യനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ എഫ് സി. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ അല്‍ ഫത്തേഹിനെയാണ് അല്‍ നസര്‍ വീഴ്ത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു അല്‍ അലാമി എന്ന് വിളിക്കപ്പെടുന്ന അല്‍ നസറിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും ഗോള്‍ നേടി തിളങ്ങിയ മത്സരത്തിലാണ് അല്‍ നസര്‍ വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ നേടിയത്.
നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ അല്‍ ഫത്തേഹ് ദാനം നല്‍കിയ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ അല്‍ നസര്‍, 57-ം മിനിറ്റില്‍ മുഹമ്മദ് സിമാകന്‍ നേടിയ ഗോളില്‍ ലീഡ് വര്‍ധിപ്പിച്ചു. 72-ം മിനിറ്റില്‍ മൗറദ് ബാറ്റ്‌നയിലൂടെ അല്‍ ഫത്തേഹ് ഗോള്‍ മടക്കിയെങ്കിലും നിശ്ചിത സമയം അവസാനിക്കാന്‍ മൂന്ന് മിനിറ്റുകള്‍ മാത്രം നേടിയ ഗോളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിന്റെ ജയം ഉറപ്പിച്ചു.
സൗദി പ്രോ ലീഗിലെ ഗോള്‍ വേട്ടയില്‍ ആധികാരികമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നിലവില്‍ 14 ഗോളുകളാണ് ഈ പോര്‍ച്ചുഗീസ് താരത്തിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള അലക്‌സാണ്ടര്‍ മിട്രോവിച്ച് 12 ഗോളുകളാണ് നേടിയിട്ടുള്ളത്.നിലവില്‍ 17 കളികളില്‍ 35 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് അല്‍ നസര്‍. 10 കളികളില്‍ ജയവും അഞ്ച് കളികളില്‍ സമനിലകളും നേടിയ അല്‍ നസര്‍, രണ്ട് മത്സരങ്ങളില്‍ പരാജയം നേരിട്ടു. അല്‍ നസറിന്റെ ബദ്ധ വൈരികളാണ് അല്‍ ഹിലാലാണ് നിലവില്‍ സൗദി ലീഗില്‍ ഒന്നാം സ്ഥാനത്ത്. 16 കളികളില്‍ 43 പോയിന്റാണ് അവരുടെ സമ്പാദ്യം. 16 കളികളില്‍ 43 പോയിന്റുള്ള അല്‍ ഇത്തിഹാദാണ് രണ്ടാം സ്ഥാനത്ത്.
അല്‍ നസറിനേക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച ഇരു ടീമുകള്‍ക്കും എട്ട് പോയിന്റ് കൂടുതലുണ്ട് എന്നതും ശ്രദ്ധേയം. ശേഷിക്കുന്ന കളികളിലെല്ലാം മികച്ച ഫലം നേടുകയും ഒപ്പം അല്‍ ഹിലാല്‍, അല്‍ ഇത്തിഹാദ് ടീമുകള്‍ പോയിന്റുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ അല്‍ നസറിന് ഇനി ലീഗില്‍ കിരീട സാധ്യതകള്‍ ഉള്ളൂ. ഈ മാസം 30 നാണ് സൗദി ലീഗില്‍ അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ റീഡാണ് എതിരാളികള്‍. ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ചില കിടിലന്‍ നീക്കങ്ങള്‍ക്ക് അല്‍ നസര്‍ ശ്രമിക്കുന്നുണ്ട്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആസ്റ്റണ്‍ വില്ലയുടെ കൊളംബിയന്‍ മുന്നേറ്റ താരം ജോണ്‍ ഡുറന്‍ ക്ലബ്ബിന്റെ റഡാറിലുണ്ടെന്നാണ് സൂചനകള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഒപ്പം മുന്നേറ്റത്തില്‍ കളിക്കാന്‍ താരത്തെയെത്തിക്കാനാണ് അല്‍ നസര്‍ ശ്രമം. 2030 വരെ ആസ്റ്റണ്‍ വില്ലയുമായി കരാറുള്ള ജോണ്‍ ഡുറനായി 85 മില്ല്യണ്‍ യൂറോയാണ് ആസ്റ്റണ്‍വില്ല ചോദിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 320 കോടി രൂപ മാര്‍ക്കറ്റ് വാല്യുവുള്ള താരം കൂടിയാണ് അദ്ദേഹം