അബൂദാബി– ചരിത്രത്തിലാദ്യമായി വനിതാ ജിസിസി ബാസ്കറ്റ്ബോൾ കപ്പിന് ആതിഥ്യം വഹിച്ച് യു.എ.ഇ. അബൂദാബിയിലാണ് വനിതാ ബാസ്കറ്റ്ബോൾ മത്സരങ്ങൾ വിജയകരമായി പൂർത്തിയായത്.
ആദ്യമായി വനിതാ ജിസിസി ബാസ്കറ്റ്ബോൾ കപ്പിന് ആതിഥ്യം വഹിച്ചുകൊണ്ട് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ മികച്ച വനിതാ കായിക താരങ്ങളെ അണിനിരത്തുകയാണ്. ഉദ്ഘാടന ചടങ്ങ് ആവേശം നിറഞ്ഞതായിരുന്നു. പ്രമുഖ കായിക ഉദ്യോഗസ്ഥരും ആരാധകരും ചടങ്ങിൽ പങ്കെടുത്തു
യു.എ.ഇ ബാസ്കറ്റ്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ഈ ടൂർണമെന്റിൽ യു.എ.ഇ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ മാറ്റുരയ്ക്കുന്നു. ഇത് പ്രദേശത്തെ വനിതാ കായിക രംഗത്തെ ഒരു സുപ്രധാന ചുവടുവെപ്പാണ്.
മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ജുവന്റസ് അക്കാദമിയിൽ നടക്കുന്ന ഈ ടൂർണമെന്റ്, വനിതാ കായിക താരങ്ങളെ വളർത്തിയെടുക്കാനും ഗൾഫ് രാജ്യങ്ങൾ തമ്മിൽ ഐക്യവും ആരോഗ്യകരമായ മത്സരവു സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. യുഎഇയിൽ ജനപ്രിയമായി വളരുന്ന ബാസ്കറ്റ്ബോളിന്, ഈ ടൂർണമെന്റ് വനിതകൾക്ക് വലിയ വേദി ഒരുക്കുകയും, ഭാവി തലമുറകൾക്ക് പ്രചോദനമാവുകയും ചെയ്യുന്നു.
“ഈ ചാമ്പ്യൻഷിപ് ഗൾഫ് വനിതകളുടെ കായിക മേഖലയിലെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്ന ഒരു അഭിമാനകരമായ നേട്ടമാണ്.” യുഎഇ ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് അബ്ദുൾ ലത്തീഫ് നാസർ അൽ ഫർദാൻ പറഞ്ഞു.
ഓരോ ടീമും അവരുടെ അതുല്യമായ കഴിവുകളും ശൈലിയും പുറത്തെടുക്കുന്ന ഈ ടൂർണമെന്റ്, തീവ്രമായ മത്സരങ്ങളും ഉയർന്ന നിലവാരമുള്ള പ്രകടനങ്ങളും വാഗ്ദാനം ചെയ്യുന്നു. ബാസ്കറ്റ്ബോൾ പ്രോത്സാഹനത്തിന് പുറമെ, വനിതാ ശാക്തീകരണവും പ്രാദേശിക കായിക രംഗത്തെ സജീവ ഇടപെടലും മുന്നോട്ടുകൊണ്ടുപോകുക എന്ന വിശാല ലക്ഷ്യവും സംഘാടകർ ഊന്നിപ്പറഞ്ഞു.