അവധി ആവശ്യപ്പെട്ടുകൊണ്ട് ഒരു ജീവനക്കാരൻ സിഇഒക്ക് അയച്ച ഇ-മെയിലാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. തനിക്ക് ലഭിച്ചതില്‍ വെച്ച് ‘ഏറ്റവും സത്യസന്ധമായ അവധി അപേക്ഷ’ എന്ന് കുറിച്ചുകൊണ്ട് ഗുരുഗ്രാം ആസ്ഥാനമായ നോട്ട് ഡേറ്റിങ് എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും സിഇഒയുമായ ജസ്‌വീര്‍ സിങ് ആണ് വ്യത്യസ്തമായൊരു ലീവ് അപേക്ഷ എക്‌സിലൂടെ പങ്കുവെച്ചത്.
താൻ അടുത്തിടെ ബ്രേക്ക് അപ്പ് ആയെന്നും ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും അതിനാൽ ചെറിയൊരു ഇടവേള വേണമെന്നുമായിരുന്നു ഇമെയിൽ. യുവ ജീവനക്കാര്‍ അവരുടെ വികാരങ്ങളെയും മാനസികാരോഗ്യത്തെയും കുറിച്ച് കൂടുതല്‍ തുറന്നുപറയുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും ജസ്‌വീര്‍ സിങ് വ്യക്തമാക്കി.
ജെൻ സി ഫിൽറ്റർ ഉപയോഗിക്കാറില്ല എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഇത് പങ്കു വെച്ചത്. പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായതോടെ, സിഇഒ അവധി അനുവദിച്ചോ എന്നായി പലരുടെയും ചോദ്യം. ഉടൻതന്നെ അവധി അനുവദിച്ചു”, എന്നായിരുന്നു സിഇഒയുടെ മറുപടി. ഇതോടെ ജീവനക്കാരന്‍റെ മാനസിക സ്ഥിതി കണക്കിലെടുത്ത് അവധി നൽകിയ ബോസിനെ സോഷ്യൽ മീഡിയ അനുമോദിച്ചു.
ജോലിസ്ഥലത്ത് ജീവനക്കാരുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള സംവാദങ്ങൾക്ക് ഇയൊരു സംഭവം തിരികൊളുത്തി. മാനസികാരോഗ്യവും, ജോലിയും, വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്ക് ഈ തലമുറ കൂടുതൽ പ്രാധാന്യം നൽകുന്നു. വികാരങ്ങളെയും വ്യക്തിപരമായ കാര്യങ്ങളെയും തുറന്നു സംസാരിക്കാൻ ഇവർ മടിക്കണിക്കുന്നില്ല എന്നാതിന് ഒരു ഉദാഹരണം കുടിയാണിത്.



