ഷാങ്ഹായ്: മേക്കപ്പ് അമിതമാവുകയും സ്‌കാനറിന് മുഖം തിരിച്ചറിയാൻ കഴിയാതാവുകയും ചെയ്തതോടെ യുവതിയെ തടഞ്ഞുവച്ച് എയർപോർട്ട് അധികൃതർ. ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിലാണ് സംഭവം. എയർപോർട്ട് അധികൃതരുടെ നിർദേശത്തെ തുടർന്ന് യുവതി മേക്കപ്പ് നീക്കം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
സമൂഹമാധ്യമമായ എക്‌സിൽ പ്രചരിച്ച വീഡിയോയിൽ യുവതിയായ യാത്രക്കാരി വെറ്റ് വൈപ്പുകൾ ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്യുന്നതായി കാണാം.
‘പാസ്പോർട്ട് ഫോട്ടോയുമായി ഒരേപോലെ ആകുന്നതുവരെ എല്ലാം തുടച്ചുമാറ്റൂ’ എന്നും ‘എന്തിനാണ് ഇങ്ങനെ മേക്കപ്പ് ചെയ്തത്? ഒരു എയർപോർട്ട് ജീവനക്കാരൻ പറയുന്നത് വീഡിയോയിൽ കേൾക്കാം. വീഡിയോയിൽ കാണുന്ന ബോർഡിംഗ് പാസിലെ തിയ്യതി പ്രകാരം സംഭവം നടന്നത് 2024 സെപ്റ്റംബറിലാണ്. എന്നാൽ അടുത്തിടെ മാത്രമാണ് ഈ വീഡിയോ ശ്രദ്ധ നേടിയത്. ഷാങ്ഹായ് വിമാനത്താവളത്തിൽ നടന്ന സംഭവമാണിതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.
യുവതിക്ക് അനുകൂലമായും എതിർത്തും നിരവധി പേർ സമൂഹമാധ്യമങ്ങളിൽ കമന്റ് ചെയ്തു. എന്നാൽ, ഷാങ്ഹായ് വിമാനത്താവള അധികൃതരോ വീഡിയോയിലെ യുവതിയോ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. അതിനാൽ ഈ വാർത്തയുടെ പൂർണ വിശ്വാസ്യത ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.