
ബംഗാൾ മേഖലയിൽനിന്ന് ഉത്ഭവിച്ച രുചിയൂറും മധുര പലഹാരമാണ് രസ്മലായി. ബംഗാളിയിൽ റോഷ്മലൈ എന്നും ഹിന്ദിയിൽ രസ്മലായ് എന്നും ഒഡിയയിൽ രസ മലേയ് എന്നുമാണ് ഈ വിഭവത്തെ വിളിക്കുന്നത്. ഇന്ത്യക്ക് പുറമെ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലും രസ്മലായിക്ക് ഏറെ ആരാധകരുണ്ട്. രോഷ് മലായ് എന്ന ബംഗാളി പദത്തിൽനിന്നാണ് രസ്മലായിയുടെ ഉത്ഭവം.
ബംഗാളി പദമായ റോഷ് എന്നതിന് “കട്ടിയാക്കപ്പെട്ട ക്രീം” എന്നാണ് അർത്ഥം. മലായ് എന്നതിന് അമൃത് എന്നാണ് അർത്ഥം. കട്ടിയാക്കപ്പെട്ട അമൃത് എന്ന് നമുക്ക് വിളിക്കാം.
സെൻ സഹോദരന്മാർ 1930-ൽ ബംഗാൾ പ്രവിശ്യയിലെ മാട്രി ഭണ്ഡാർ തുറന്ന് പ്രവർത്തിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് ഈ വിഭവം ലോകത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. സെൻ സഹോദരൻമാർ അവരുടെ പൂർവീകരുടെ പാചകക്കുറിപ്പ് പങ്കുവെക്കുകയായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, രാസമലായ് ദക്ഷിണേഷ്യയിലുടനീളം ജനപ്രിയമായ ഒരു മധുരപലഹാരമായി മാറി.
മാട്രി ഭണ്ഡാർ ബ്രാൻഡിന് കീഴിൽ പ്രവർത്തിക്കുന്ന കോമില്ലയിലെ സെൻ സഹോദരന്മാരാണ് ഈ മധുരപലഹാരത്തിന്റെ യഥാർത്ഥ നിർമ്മാതാക്കൾ എന്ന് അവകാശവാദം ഉന്നയിക്കുന്നുണ്ട്. അതേസമയം, കൊൽക്കത്തയിലെ കെ.സി. ദാസ് കണ്ടുപിടിച്ചതാണെന്ന് അവകാശപ്പെട്ട് കെ.സി. ദാസ് ഗ്രാൻഡ്‌സൺസ് ഗ്രൂപ്പും അവകാശവാദം ഉന്നയിക്കുന്നു. ഈ വിഭവത്തിന്റെ മറ്റൊരു രൂപമാണ് ഷാഹി രസ്മലായി.
നമുക്ക് സ്വാദൂറും ഷാഹി രസ്മലായി പരീക്ഷിക്കാം.
ആദ്യം രസ്മലായി ഉണ്ടാക്കാം.
ആദ്യം രസ്മലായി ഉണ്ടാക്കാം. ഒരു ലിറ്റർ പാൽ തിളക്കുമ്പോൾ ഒരു സ്പൂൺ ലെമൺ ജ്യൂസ് ഒഴിച്ച് ഒരു തുണിയിൽ അരിച്ചെടുത്തു തണുപ്പിക്കുക. അതിലേക്ക് ഒരു സ്പൂൺ റവ ചേർത്ത് ഉരുള ആക്കുക.
ഒരു കപ്പ് വെള്ളത്തിൽ ഒരു കപ്പ് പഞ്ചസാര ഇട്ടു തിളക്കുമ്പോൾ അതിൽ ഉരുള ഇട്ട് വേവിക്കുക.
മറ്റൊരു കപ്പ് പാലിൽ കാൽ കപ്പ് പഞ്ചസാര ഇട്ടു നന്നായി തിളക്കുമ്പോൾ അതിലേക്ക് കുറച്ച് ഏലക്കാ പൊടിയും പിസ്ത പൊടിച്ചതും ചേർത്ത് തിളപ്പിച്ച് ഉരുള ഇട്ട് തീ ഓഫ് ചെയ്യുക.
ഷാഹി തുക്ക്ട ഉണ്ടാക്കാം
ബ്രഡ് ഇഷ്ടമുള്ള ആകൃതിയിൽ കട്ടു ചെയ്ത് ബട്ടറിൽ ഫ്രൈ ചെയ്ത് വെക്കുക. ഒരു കപ്പ് പാലിലേക്ക് അര കപ്പ് മിൽക്ക് മെയ്ഡ് തിളപ്പിച്ച് അതിലേക്ക് ബദാം കഷ്ണമാക്കിയതും രണ്ടു നുള്ള് സാഫ്രോണും ഇടുക. തീ ഓഫ് ചെയ്ത് ഫ്രൈ ചെയ്ത് ബ്രെഡി ലേക്കു ഒഴിക്കാം.
ചോക്ളേറ്റ് സോസ് ഉണ്ടാക്കാം
അര കപ്പ് തേങ്ങാ പാലിൽ ബ്രൗൺ ചോക്ളേറ്റ് രണ്ട് സ്പൂൺ ചേർത്ത് കലക്കിയതും അര കപ്പ് തേങ്ങാ പാലിൽ വൈറ്റ് ചോക്ളേറ്റ് കലക്കിയതും ഉണ്ടാക്കുക.
ഇനി സെറ്റ് ചെയ്യാം
ഒരു പാത്രത്തിൽ ആദ്യം വൈറ്റ് ചോക്ലേറ്റ് സെറ്റ് ചെയ്യുക. അതിന് മുകളിൽ രസ്മലായിയും അതിനു മുകളിൽ ഷാഹി തുക്ക്ടയും അതിന് മുകളിൽ ബ്രൗൺ ചോക്ലേറ്റും ഒഴിക്കുക. ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്ത ശേഷം ഉപയോഗിക്കാം.