ഇസ്രായിൽ പ്രതിരോധ മന്ത്രാലയത്തിന്റെ വിവാദ ഇന്റലിജൻസ് യൂണിറ്റായ യൂണിറ്റ് 8200-നെ തങ്ങളുടെ അസൂർ ക്ലൗഡ് പ്ലാറ്റ്‌ഫോം സേവനങ്ങളിൽ നിന്ന് വിലക്കി മൈക്രോസോഫ്റ്റ്. ഫലസ്തീൻ പൗരന്മാരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തി സംഭരിക്കുന്നതിന് ഈ യൂണിറ്റ് 8200 അസൂർ ഉപയോഗിച്ചുവെന്ന മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് മൈക്രോസോഫ്റ്റ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു.
ഗാസയിലും വെസ്റ്റ് ബാങ്കിലും താമസിക്കുന്ന ദശലക്ഷക്കണക്കിന് സാധാരണ ഫലസ്തീനികളുടെ കോൾ റെക്കോർഡിംഗുകൾ ആണ് ഇസ്രായിൽ സംഭരിച്ചത്. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ചെയ്യുന്നതിനും ആക്രമണം നടത്താനും വേണ്ടിയായിരുന്നു ഇത്. ഇത് മൈക്രോസോഫ്റ്റിന്റെ സേവന നിബന്ധനകളുടെ ലംഘനമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ‘സാധാരണ പൗരന്മാരെ നിരീക്ഷണം നടത്തുന്നതിനായി ഞങ്ങളുടെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് അനുവദനീയമല്ല.’ – മൈക്രോസോഫ്റ്റ് വൈസ് ചെയർമാൻ ബ്രാഡ് സ്മിത്ത് വ്യക്തമാക്കി.
ഇസ്രായിലിനെതിരെ മൈക്രോസോഫ്റ്റ് കൈക്കൊള്ളുന്ന ഏറ്റവും ശക്തമായ നടപടിയാണിത്. തീരുമാനത്തെ ഫലസ്തീൻ പ്രവർത്തകരും ‘നോ അസൂർ ഫോർ അപ്പാർത്തൈഡ്’ അടക്കമുള്ള ഗ്രൂപ്പുകളും ഇതിനെ സ്വാഗതം ചെയ്തു. മൈക്രോസോഫ്റ്റിന്റെ ഹെഡ്ക്വാർട്ടേഴ്‌സിലും യൂറോപ്പിലെ ഡാറ്റാസെന്ററുകളിലും നടന്ന പ്രതിഷേധങ്ങൾക്ക് ശേഷമാണ് മൈക്രോസോഫ്റ്റ് അന്വേഷണം നടത്താൻ തയാറായത്.
യൂണിറ്റ് 8200 ഇതിനകം തന്നെ 8 ടെറാബൈറ്റ് ഡാറ്റ ആമസോൺ വെബ് സർവീസസിലേക്ക് മാറ്റിത്തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. യു.എൻ. റിപ്പോർട്ടുകൾ ഇസ്രായിലിന്റെ ഗാസ യുദ്ധത്തെ വംശഹത്യ എന്ന് വിശേഷിപ്പിച്ച പശ്ചാത്തലത്തിൽ, മൈക്രോസോഫ്റ്റിന്റെ ഈ തീരുമാനം ടെക്ക് ലോകത്ത് വലിയ പ്രതിഫലനം ഉണ്ടാക്കും എന്നാണ് കരുതുന്നത്.