ന്യൂദല്‍ഹി. തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ യുഎസിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും മരിച്ചിട്ടില്ലെന്നും കുടുംബം അറിയിച്ചു. മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും സാക്കിര്‍ ഹുസൈന്‍ ഇപ്പോഴും ജീവനോടെ ഉണ്ടെന്നും അദ്ദേഹത്തിന്റെ സഹോദരി ഖുര്‍ഷിദ് ഓലിയ പറഞ്ഞു. എന്റെ സഹോദരന്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണ്. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് ഇന്ത്യയിലേയും ലോകത്തെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരോട് ഇപ്പോള്‍ അഭ്യര്‍ത്ഥിക്കാനുള്ളത്. മാധ്യമങ്ങള്‍ അഭ്യൂഹം പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണം. തെറ്റായ വാര്‍ത്തകള്‍ വരുന്നത് കണ്ട് താനാകെ അസ്വസ്ഥയാണെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മാനേജര്‍ നിര്‍മല ബചാനി പറഞ്ഞു. ഇപ്പോള്‍ സാക്കിര്‍ ഹുസൈനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും പ്രമുഖ ഫ്‌ളൂട്ടിസ്റ്റുമായ രാകേഷ് ചൗരസ്യയും പറഞ്ഞു.
മരണ വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരുമടക്കം നിരവധി പ്രമുഖരാണ് അനുശോചനം രേഖപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. തെറ്റായ വാര്‍ത്തയാണെന്ന് അറിഞ്ഞതോടെ പലരും പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.