ന്യൂഡൽഹി– ഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷർട്ട് ഊരി പ്രതിഷേധിച്ചു. ഈ കരാറിലൂടെ സർക്കാർ രാജ്യത്തിന്റെ താൽപ്പര്യങ്ങൾ ബലികഴിച്ചുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഈ കരാർ പ്രകാരം യുഎസിൽ നിന്നുള്ള കാർഷിക-വ്യവസായ ഉൽപ്പന്നങ്ങളായ ഡ്രൈ ഡിസ്റ്റിലേഴ്സ് ഗ്രെയിൻസ്, റെഡ് സോർഗം, ട്രീ നട്ട്സ്, പഴങ്ങൾ, സോയാബീൻ ഓയിൽ, വൈൻ എന്നിവയുടെ ഇറക്കുമതി തീരുവ ഇന്ത്യ കുറയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യും. പകരം ഇന്ത്യൻ ഉൽപ്പന്നങ്ങളായ ടെക്സ്റ്റൈൽസ്, ലെതർ, പ്ലാസ്റ്റിക്, ഓർഗാനിക് കെമിക്കൽസ് എന്നിവക്ക് യുഎസ് 18 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്നാണ് വിവരം. ഈ കരാർ ഇന്ത്യക്ക് ഗുണകരമല്ലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ഈ നീക്കത്തെ ബിജെപി വക്താവ് നളിൻ കോഹ്ലി രൂക്ഷമായി വിമർശിച്ചു. ഇന്ത്യയുടെ വളർച്ചയിൽ കോൺഗ്രസിന് അസൂയ ആണെന്നും കോൺഗ്രസിന് എഐ (AI) എന്നാൽ ‘ആന്റി-ഇന്ത്യ’ (Anti-India) ആണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാർ “ഷർട്ട്‌ലെസ് മാത്രമല്ല, കാരക്ടർലെസ്” കൂടിയാണെന്നും അദ്ദേഹം പരിഹസിച്ചു. ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഉൾപ്പെടെയുള്ള പ്രമുഖർ എഐ നിയന്ത്രണങ്ങളെക്കുറിച്ച് ചർച്ച ചെയ്ത അതേ വേദിക്കരികിലാണ് ഈ രാഷ്ട്രീയ പ്രതിഷേധങ്ങൾ അരങ്ങേറിയത്.



