ന്യുഡൽഹി– ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനുള്ള ചരിത്രപരമായ ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ചു. ‘നാരി ശക്തി വന്ദൻ അധിനിയം’ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊണ്ടുന്ന ഈ ബിൽ അവതരണ വേളയിൽ സഭയിൽ ശക്തമായ വാദപ്രതിവാദങ്ങളാണ് നടന്നത്. മുൻപും സമാനമായ ബില്ലുകൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ കേവലം എതിർക്കാൻ വേണ്ടി മാത്രമാണ് പ്രതിപക്ഷം ഇപ്പോൾ കുറ്റം പറയുന്നതെന്നും അമിത് ഷാ വിമർശിച്ചു. ബിൽ അവതരിപ്പിക്കുന്നതിനായി നടന്ന വോട്ടെടുപ്പിൽ 251 പേർ അനുകൂലിച്ചപ്പോൾ 187 പേർ എതിർത്തു. സഭയിൽ ഉയർന്ന വിമർശനങ്ങൾക്ക് ചർച്ചാ വേളയിൽ മറുപടി നൽകാമെന്നും അമിത് ഷാ വ്യക്തമാക്കി.
ബിൽ അവതരണത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികൾക്കിടയിൽ രൂക്ഷമായ തർക്കങ്ങളാണ് ഉണ്ടായത്. ഈ നീക്കം ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. ബില്ലിലെ വ്യവസ്ഥകൾ ആശങ്കപ്പെടുത്തുന്നതാണെന്ന് കെ. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടപ്പോൾ, ബിൽ പിൻവലിക്കണമെന്ന നിലപാടാണ് എൻ.കെ. പ്രേമചന്ദ്രൻ സ്വീകരിച്ചത്. വനിതാ സംവരണത്തിന്റെ മറവിൽ കൃത്യമായ മണ്ഡല പുനർനിർണ്ണയം ലക്ഷ്യം വെച്ചുകൊണ്ടാണ് ബിജെപി ഈ നീക്കം നടത്തുന്നതെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ തന്ത്രമാണിതെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.



