തിരുവനന്തപുരം– മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ അയച്ചുവെന്ന് ആരോപിച്ച് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയത്. തെക്കൻ ജില്ലയിൽ ജില്ലാ പോലീസ് മേധാവിയായിരുന്ന സമയത്ത് ഉദ്യോഗസ്ഥൻ സന്ദേശമയച്ചുവെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്. തലസ്ഥാനത്തുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി.
പരാതിക്കാരായ രണ്ട് വനിതാ എസ്ഐമാരുടെ മൊഴി എടുത്തു. രഹസ്യമായാണ് ഇവരുടെ പരാതിയിൽ അന്വേഷണം നടക്കുന്നത്. രണ്ട് പരാതിക്കാരും പരാതിയിൽ ഉറച്ചുനിൽക്കുകയും മൊഴി നൽകുകയും ചെയ്തു.
പരാതിക്കാർ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാൽ അജിത ബീഗത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഡിജിപിയോട് ശുപാർശ ചെയ്യേണ്ടി വരും. പരാതി ലഭിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും എന്ത് നടപടിയെടുത്തുവെന്ന് പോലീസിലെ ഉന്നതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, കഴിഞ്ഞ ദിവസം ചവറ കുടുംബ കോടതി ജഡ്ജി ഉദയകുമാറിനെതിരെയും ലൈംഗികാതിക്രമ പരാതി ഉയർന്നിരുന്നു. വിവാഹമോചന കേസുകളിൽ ഹാജറായ മൂന്ന് സ്ത്രീകൾക്കെതിരെയാണ് ജഡ്ജ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചത്. സംഭവത്തെത്തുടർന്ന് ഇയാളെ സ്ഥലം മാറ്റിയിരുന്നു.