ഭോപ്പാൽ: മധ്യപ്രദേശിൽ രണ്ട് സ്ത്രീകളെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം. ഭൂമി തർക്കത്തെ തുടർന്നാണ് രേവ ജില്ലയിലെ ഹിനൗതയിൽ ആക്രമണം ഉണ്ടായത്. മംമ്താ പാണ്ഡെ, ആശാ പാണ്ഡെ എന്നീ സ്ത്രീകളെയാണ് ചരൽ കൂമ്പാരത്തിൽ അരയും കഴുത്തും വരെ കുഴിച്ചിട്ടത്. ഒടുവിൽ നാട്ടുകാരെത്തി ഇവരെ രക്ഷിച്ചു. അപ്പോഴേക്കും ഒരു സ്ത്രീക്ക് ബോധം നഷ്ടപ്പെട്ടിരുന്നു.
ഗ്രാമത്തിലെ റോഡ് നിർമ്മാണ പദ്ധതിക്കെതിരായ പ്രതിഷേധമാണ് ഞെട്ടിപ്പിക്കുന്ന ആക്രമത്തിൽ കലാശിച്ചത്. മങ്കാവ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. പാട്ടത്തിനെടുത്ത ഭൂമിയിൽ കരിങ്കല്ലിടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച സ്ത്രീകൾക്ക് നേരെയായിരുന്നു ആക്രമണം. ലോറിയിലെ ഡ്രൈവർ പ്രതിഷേധക്കാരുടെ നേരെ കരിങ്കല്ല് എറിഞ്ഞു. ഇതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. തുടർന്നാണ് സ്ത്രീകളെ ലോറിയിൽനിന്ന് ചരൽ മറിച്ചിട്ട് കുഴിച്ചുമൂടാൻ ശ്രമിച്ചത്.
പാട്ടത്തിനെടുത്ത ഭൂമിയിൽ കരിങ്കല്ല് ഇടുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് തങ്ങളെ ആക്രമിച്ചതെന്ന് സ്ത്രീകൾ നൽകിയ പരാതിയിൽ പറയുന്നു. ഗൗകരൻ പ്രസാദ് പാണ്ഡെ, മഹേന്ദ്ര പ്രസാദ് പാണ്ഡെ, തുടങ്ങിയവർ തങ്ങളെ ആക്രമിക്കുകയും ജീവനോട് കുഴിച്ചിടാൻ ടിപ്പർ ഡ്രൈവറോട് ആവശ്യപ്പെടുകയും ചെയ്തുവെന്ന് സ്ത്രീകൾ ആരോപിച്ചു.
സ്ത്രീകളെ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെടുകയാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജീതു പട്വാരി ആരോപിച്ചു.