റിയാദ് – ലോക റെക്കോഡുകള്‍ ഭേദിക്കാന്‍, അക്ഷരാര്‍ഥത്തില്‍ ആകാശത്തെ ചുംബിക്കുന്ന, രണ്ടു കിലോമീറ്റര്‍ ഉയരമുള്ള കെട്ടിടം റിയാദില്‍ വരുന്നു. പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഏറെ ഉയരമുള്ള അംബരചുംബി കെട്ടിടത്തിന്റെ നിര്‍മാണ നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിശ്വസനീയമായ സ്രോതസ്സുകള്‍ വെളിപ്പെടുത്തി. ഇത്തരമൊരു കെട്ടിടം സൗദിയില്‍ നിര്‍മിക്കാന്‍ പദ്ധതിയുള്ളതായി കഴിഞ്ഞ വര്‍ഷം നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് കിലോമീറ്റര്‍ (1.2 മൈല്‍) ഉയരമുള്ള ഈ കെട്ടിടം മറ്റെല്ലാ മനുഷ്യനിര്‍മിത ഘടനകളെയും മറികടക്കും.
റിയാദിനടുത്തുള്ള നോര്‍ത്ത് പോള്‍ എന്നറിയപ്പെടുന്ന, നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വലിയ ബിസിനസ് ഡിസ്ട്രിക്ടിന്റെ ഭാഗമായിരിക്കും പുതിയ കെട്ടിടമെന്ന് ദുബായ് ആസ്ഥാനമായുള്ള മീഡിയ മാഗസിന്‍ മീഡ് റിപ്പോര്‍ട്ട് ചെയ്തു. പ്രശസ്തമായ ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റര്‍മാരായ ഫോസ്റ്റര്‍ ആന്റ് പാര്‍ട്‌ണേഴ്‌സ് ആണ് കെട്ടിടം രൂപകല്‍പന ചെയ്യുന്നത്.
അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ വണ്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഏകദേശം മൂന്നര മടങ്ങ് ഉയരവും നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയുടെ ഇരട്ടിയിലധികം ഉയരവുമായിരിക്കും പുതിയ ടവറിന്. സൗദിയില്‍ നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന ജിദ്ദ ടവര്‍ ഉള്‍പ്പെടെയുള്ള മറ്റേതൊരു കെട്ടിടത്തെക്കാളും ഇതിന് വളരെ ഉയരമുണ്ടാകും. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്നോണം ഒരു കിലോമീറ്ററിലേറെ ഉയരത്തിലാണ് ജിദ്ദ ടവര്‍ നിര്‍മിക്കുന്നത്.
കെട്ടിട നിര്‍മാണത്തിന് മറികടക്കേണ്ട വെല്ലുവിളികള്‍ വളരെ വലുതാണ്. ഇത്രയും ഉയരങ്ങളിലെ കാറ്റിന്റെ ഭാരം സാധാരണ കെട്ടിടത്തെ തകര്‍ക്കാന്‍ പര്യാപ്തമാണ്. മാത്രമല്ല, തറ വഹിക്കേണ്ട ഭാരവും വലുതായിരിക്കും. ഭൂകമ്പങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ഒരു സ്ട്രക്ചറല്‍ എന്‍ജിനീയര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കാന്‍ ഇത് ധാരാളമാണ്. പദ്ധതിക്ക് ഏകദേശം 500 കോടി ഡോളര്‍ (1,875 കോടി സൗദി റിയാല്‍) ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ ഇത് എപ്പോള്‍ പൂര്‍ത്തിയാകുമെന്നോ അതിന്റെ രൂപഭാവത്തെ കുറിച്ച കൂടുതല്‍ കൃത്യമായ വിശദാംശങ്ങളോ ഇതുവരെ അറിവായിട്ടില്ല.
സൗദിയില്‍ നിലവില്‍ നിര്‍മാണ മേഖലയിലെ കുതിച്ചുചാട്ടത്തിന്റെ വലിയൊരു ഭാഗത്തിന് ധനസഹായം നല്‍കുന്ന പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, റിയാദ് പദ്ധതിക്കുള്ള ടെണ്ടറുകള്‍ സമര്‍പ്പിക്കാന്‍ അടുത്തിടെ കമ്പനികളെ ക്ഷണിച്ചിരുന്നു. പദ്ധതി ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്ന് മീഡ് അഭിപ്രായപ്പെടുന്നു. ഈ പദ്ധതി മുന്നോട്ട് പോവുകയാണെങ്കില്‍ ദി ക്യൂബ്, ദി ലൈന്‍ എന്നിവയുള്‍പ്പെടെ സൗദി അറേബ്യയില്‍ നിലവില്‍ നിര്‍മിക്കപ്പെടുന്ന അംബരചുംബികളായ കെട്ടിടങ്ങളുടെ അതിശയകരമായ പരമ്പരയിലെ ഏറ്റവും പുതിയതായിരിക്കും ഇത്.