ജിദ്ദ – ലോകത്താകമാനം എയര്‍പോര്‍ട്ടുകളും ആശുപത്രികളും അടക്കമുള്ള തന്ത്രപ്രധാന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിശ്ചലമാക്കിയ മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറ് സൗദിയിലെ പ്രധാന എയര്‍പോര്‍ട്ടുകളിലും വിമാന സര്‍വീസുകളെ ബാധിച്ചു. അതേസമയം ലോകത്ത് ഏറ്റവും കുറവ് പ്രതിസന്ധി ബാധിച്ച രാജ്യങ്ങളിലൊന്നാണ് സൗദി.
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ഏതാനും വിമാന കമ്പനികളെ തകരാറ് ബാധിച്ചതായി എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. വിമാന കമ്പനികളുമായി സഹകരിച്ച് ബദല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തന തുടര്‍ച്ചാ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കി. എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുന്നതിനു മുമ്പായി ഫ്‌ളൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്താന്‍ വിമാന കമ്പനികളുമായി ആശയവിനിമയം നടത്തണമെന്ന് യാത്രക്കാരോട് റിയാദ് എയര്‍പോര്‍ട്ട് ആവശ്യപ്പെട്ടു.
ആഗോള തലത്തിലുണ്ടായ സാങ്കേതിക തകരാറ് ജിദ്ദ എയര്‍പോര്‍ട്ടില്‍ വിമാന കമ്പനികളുടെ ചില സിസ്റ്റങ്ങളെ ബാധിച്ചതായി കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. ഫ്‌ളൈറ്റ് സമയവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ക്ക് വിമാന കമ്പനികളുമായി യാത്രക്കാര്‍ ആശയവിനിമയം നടത്തണമെന്ന് ജിദ്ദ എയര്‍പോര്‍ട്ടും ആവശ്യപ്പെട്ടു.
ദമാം കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഏതാനും വിമാന കമ്പനികളുടെ ഓപ്പറേഷന്‍ സിസ്റ്റങ്ങളെ തകരാറ് ബാധിച്ചതായി ദമാം എയര്‍പോര്‍ട്ട്‌സ് കമ്പനി അറിയിച്ചു. ബദല്‍ ഓപ്പറേഷന്‍ സിസ്റ്റങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തന തുടര്‍ച്ചാ പദ്ധതി പ്രവര്‍ത്തക്ഷമാക്കിയതായും ദമാം എയര്‍പോര്‍ട്ട്‌സ് കമ്പനി പറഞ്ഞു.
ആഗോള തലത്തില്‍ വ്യോമയാന മേഖലയെ ബാധിച്ച തകരാറ് തങ്ങളുടെ ഓപ്പറേഷന്‍ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ പറഞ്ഞു. സൗദിയയുടെ ഫ്‌ളൈറ്റ് ഷെഡ്യൂള്‍ ഒരുവിധ പ്രശ്‌നങ്ങളും കൂടാതെ നന്നായി മുന്നോട്ടു പോകുന്നു. സര്‍വീസുകളുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ എസ്.എം.എസ്സുകളും ഇ-മെയിലുകളും വഴി യാത്രക്കാരെ അപ്പപ്പോള്‍ അറിയിക്കുമെന്നും സൗദിയ പറഞ്ഞു.
സാങ്കേതിക തകരാറ് തങ്ങളുടെ ഒരു ടെക്‌നിക്കല്‍ സിസ്റ്റത്തെ ബാധിച്ചതായി സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് പറഞ്ഞു. ഇതുമൂലം ചില സര്‍വീസുകള്‍ക്ക് കാലതാമസം നേരിട്ടു. ഫ്‌ളൈ നാസ് വെബ്‌സൈറ്റിലും ആപ്പിലും സേവനങ്ങള്‍ മന്ദഗതിയിലാകാനും തകരാറ് ഇടയാക്കി. സാധ്യമായത്ര വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കുന്നത് ഉറപ്പാക്കാന്‍ ശ്രമിച്ച് തകരാറ് ശരിയാക്കാനും ബദല്‍ സംവിധാനം ലഭ്യമാക്കാനും ബന്ധപ്പെട്ട വകുപ്പുകളുമായും സേവന ദാതാവുമായും സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയാണെന്നും ഫ്‌ളൈ നാസ് പറഞ്ഞു. തങ്ങളുടെ നിയന്ത്രണത്തിനപ്പുറമുള്ള ഈ ആഗോള തകരാറുണ്ടാക്കിയ ആശയക്കുഴപ്പത്തിന് ഫ്‌ളൈ നാസ് യാത്രക്കാരോട് ക്ഷമാപണം നടത്തി.
ഈ അടിയന്തിര സാഹചര്യത്തെ കുറിച്ച് മനസ്സിലാക്കിയതിന് യാത്രക്കാരോട് കമ്പനി നന്ദി പറഞ്ഞു. യാത്രക്കാരുടെ അവകാശങ്ങള്‍ കാത്തുസൂക്ഷിക്കാനും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നിയമാവലി പ്രകാരം യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും പ്രതിജ്ഞാബദ്ധമാണെന്നും ഫ്‌ളൈ നാസ് പറഞ്ഞു.