അങ്കോള: കർണാടകയിലെ ഷിരൂരിൽ മലയിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനാ(30)യുള്ള തിരച്ചിലിന്റെ ഒൻപതാം ദിനമായ ഇന്ന് നിർണായക പ്രതീക്ഷ. ഗംഗാവലി നദിയിൽ ഇന്നലെ ആരംഭിച്ച തിരച്ചിലിൽ നിർണായക സോണാർ സിഗ്നൽ ലഭിച്ചതായാണ് വിദഗ്ധർ പറയുന്നത്.
നദിക്കരയിൽ നിന്ന് 40 മീറ്റർ അകലെയാണ് സോണാർ സിഗ്‌നൽ ലഭിച്ചത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് കരുതുന്നത്. കരസേനയുടെ റഡാർ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്‌നൽ കിട്ടിയിരുന്നു.
ലോഹഭാഗങ്ങളുണ്ടെന്ന് സോണാർ സിഗ്‌നലുള്ള ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയ്ക്കാണ് വിദഗ്ധരുടെ ശ്രമം. മുൻ സൈനിക ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലൻ അടക്കമുള്ള വിദഗ്ധർ ഇന്നത്തെ രക്ഷാദൗത്യ സംഘത്തിലുണ്ട്.
കഴിഞ്ഞവർഷം സിക്കിം പ്രളയത്തിൽ 17 മനുഷ്യശരീരങ്ങളും 36 വാഹനങ്ങളും കണ്ടെത്താൻ സഹായിച്ച അത്യാധുനിക സ്‌കാനറായ റേഡിയോ ഫ്രീക്വൻസി സ്‌കാനർ ആണ് ഷിരൂരിൽ ഇന്ന് തിരച്ചിലിന് ഉപയോഗിക്കുന്നത്. നോയിഡയിൽ നിന്ന് പ്രത്യേക കേന്ദ്ര അനുമതിയോടെ ഐബോഡ് എന്ന യന്ത്രവും എത്തിച്ചിട്ടുണ്ട്.
സൈനിക ആവശ്യങ്ങൾക്കായി യു.പിയിലെ ഒരു സ്വകാര്യ കമ്പനി നിർമിച്ച റേഡിയോ ഫ്രീക്വൻസി സ്‌കാനറിലൂടെ ഭൂമിക്കടിയിലുള്ള വസ്തുക്കളെ കൃത്യമായി കണ്ടെത്താൻ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. മനുഷ്യ ശരീരത്തിന്റെ സാന്നിധ്യം വേർതിരിച്ച് അറിയാനാവുന്ന സാങ്കേതികവിദ്യയാണിതിലുള്ളത്. രണ്ട് കിലോമീറ്ററിലധികം റേഞ്ച് ഉള്ള ഡ്രോൺ സംവിധാനത്തിൽ സ്‌കാനർ ഘടിപ്പിച്ചാണ് ഇതിന്റെ പരിശോധന. 8 മീറ്ററും 90 മീറ്ററും വരെ ആഴത്തിൽ പരിശോധന നടത്താവുന്ന രണ്ട് സ്‌കാനറുകളാണിതിനുള്ളതെന്നും വിദഗ്ധർ വ്യക്തമാക്കി. രക്ഷാപ്രവർത്തനം എളുപ്പത്തിൽ ഫലം കണ്ടെത്തണേ എന്ന പ്രാർത്ഥനയിലാണ് നാടും കുടുംബവുമെല്ലാം. രക്ഷാദൗത്യത്തിന് നിറഞ്ഞ പിന്തുണയുമായി വേണ്ടതെല്ലാം ചെയ്യാൻ തയ്യാറായി നിതാന്ത ജാഗ്രതയിലാണ് ഒരു വലിയ സമൂഹവും സർക്കാർ സംവിധാനങ്ങളും.