പ്രമുഖ പ്രഭാഷകനും ജമാഅത്തെ ഇസ്ലാമി നേതാവുമായ ടി.പി മുഹമ്മദ് ശമീമിന്റെ മകളുടെ വിവാഹ വേദിയിൽ വധുവും കുടുംബാംഗങ്ങളും ഇരുന്നത് സംബന്ധിച്ച് ഖാദർ പാലാഴി എഴുതിയ കുറിപ്പ്.
എം.പി. പ്രശാന്തെങ്കിലും ഒന്നിടപെടണം. ആ വിവാഹം നടന്ന് ഇത്ര സമയമായിട്ടും സമസ്തകൾ, കെ.എൻ. എമ്മുകൾ, അതിന്റെ യുവ സംഘങ്ങൾ എന്നിവയൊന്നും ഇതുവരെ പ്രതികരിച്ച് കണ്ടില്ല. മുമ്പ് പാലേരി പള്ളിയിൽ നടന്ന സമാന വിവാഹം ഡിസോൺ ചെയ്ത ജമാഅത്തെ ഇസ്‌ലാമിയുടെ ഒഫിഷ്യൽ കമ്മ്യൂണിക്കേയും വന്നിട്ടില്ല.
സംഗതി സിംപിളാണ്. ജമാഅത്തെ ഇസ്‌ലാമി അംഗവും കോഴിക്കോട് കോവൂർ പള്ളിയിലെ ഖത്തീബും എഴുത്തുകാരനുമായ ടി.പി മുഹമ്മദ് ശമീമിന്റെ മകൾ ഷിറിൻ മുർതസയുടെ വിവാഹം ഇന്നലെ കണ്ണൂരിൽ നടന്നു. അതിലെന്താ? അതിൽ ഒന്നുമില്ലെങ്കിലും ചിലതുണ്ട്. നിക്കാഹ് നടക്കുന്ന വേദിയിൽ വധുവും വധുവിന്റെ മാതാവും ജ്യേഷ്ടാനുജത്തികളും ഇരുന്നാലോ നിന്നാലോ ഇസ്‌ലാമിന് കനത്ത പരിക്കേൽക്കുമെന്ന നിലപാടുള്ളവരാണ് കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകളും. ഇന്നലെ കണ്ണൂരിൽ ഒരു ഇസ്‌ലാമിക സംഘടനാ സഹയാത്രികൻ തന്നെ അത് ലംഘിച്ചിരിക്കുന്നു.
ഇക്കഴിഞ്ഞ മാർച്ചിൽ ഞാൻ മലേഷ്യയിൽ പോയപ്പോൾ അവിടത്തെ ഷാഫി മദ്ഹബ് പിന്തുടരുന്ന സുന്നി മുസ്‌ലിംകൾ വിവാഹ വേദിയിൽ വധുവിനേയും ഉമ്മയേയും സഹോദരിമാരേയും മറ്റും പങ്കെടുപ്പിക്കുന്ന കാര്യം പറഞ്ഞ് ഒരു വിഡിയോ ചെയ്തിരുന്നു. മലേഷ്യയിലേക്ക് നോക്കിയല്ല ഞങ്ങൾ സുന്നികൾ മതമനുഷ്ഠിക്കുന്നതെന്നും പോയി പണിനോക്കണമെന്നും മറ്റും പറഞ്ഞുള്ള ചില പ്രതികരണങ്ങൾ അന്ന് കമന്റ് ബോക്‌സിൽ വന്നിരുന്നു.
എന്റെ അഭിപ്രായത്തിൽ ജമാഅത്തെ ഇസ്‌ലാമിയെങ്കിലും ഇത് ഏറ്റെടുക്കണം. മൗലാനാ മൗദൂദി സംഗീതം നിഷിദ്ധമാക്കിയിട്ടും അത് ഏറ്റെടുത്തവരാണ് നിങ്ങൾ. മൗദൂദി പർദ്ദ എന്ന പുസ്തകത്തിലൂടെ കണ്ണോട്ട മാത്രമുള്ള പർദ്ദയിടാൻ നിർദ്ദേശിച്ചെങ്കിലും ആ പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിക്കാതിരിക്കാൻ ധൈര്യം കാട്ടിയവരാണ് നിങ്ങൾ. ജനാധിപത്യം, മതേതരത്വം എന്നിവ സംബന്ധിച്ചുള്ള മൗദൂദിയുടെ നിലപാട് അദ്ദേഹത്തിന്റെ വ്യക്തിപരം മാത്രമെന്ന് പറയാനും നിങ്ങൾ തയ്യാറായി. വിവാഹത്തിൽ ജമാഅത്ത് അമീർ പി. മുജീബുറഹ്മാനും പണ്ഡിത സംഘടനയായ ഇത്തിഹാദുൽ ഉലമാ വൈസ് പ്രസിഡണ്ട് കെ. ഇൽയാസ് മൗലവിയും പങ്കെടുത്തതിനാൽ ഞങ്ങൾ അറിഞ്ഞില്ല, കണ്ടില്ല എന്ന് പറയാനും നിവൃത്തിയില്ല. പ്രസ്ഥാനബന്ധ വിവാഹങ്ങളെല്ലാം ഇനി ഇങ്ങനെ നടക്കട്ടെ.
ഏതായാലും മുഹമ്മദ് ശമീമിനെ അഭിനന്ദിക്കുന്നു. ഇടയ്‌ക്കൊക്കെ താങ്കളുടെ ഖുതുബ കേൾക്കാൻ വരുന്ന എന്നെ വിവാഹത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിക്കുകയും ചെയ്യുന്നു.