മേപ്പാടി: കേരളം മൂടിപ്പുതച്ചുറങ്ങുമ്പോൾ ജീവനുമായി നെട്ടോട്ടമോടുകയായിരുന്നു വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുള്ള ജനങ്ങൾ. തിങ്കളാഴ്ച രാത്രി അവർക്കെന്നത്തെയും പോലെ സാധാരണമായിരുന്നു-പുലർച്ചെ രണ്ടു മണിവരെ. തൊട്ടടുത്തുനിന്ന് കേട്ട വലിയ ശബ്ദത്തോടെ അവരുടെ ജീവിതം ആകെ മാറിമറിഞ്ഞു. ആ നിമിഷം വരെ കൂടെയുണ്ടായിരുന്ന പലരും ചെളിയിൽ പുതഞ്ഞു. കൈക്കുഞ്ഞുങ്ങളെ വേർപ്പെട്ട അമ്മമാർ, ഉറ്റവരെല്ലാം കുത്തിയൊലിച്ചുവന്ന പ്രളയത്തിൽ പലവഴിക്ക് ചിതറിപ്പോയി. രക്ഷിക്കൂവെന്ന നിലവിളി മാത്രം ഉയർന്നു. നേരം പുലർന്നപ്പോഴേക്കും കേരളത്തിലെ ഏറ്റവും വലിയ ദുരന്ത ഭൂമിയായി വയനാട് മാറിക്കഴിഞ്ഞിരുന്നു. വയനാടിൽനിന്ന് ഒഴുകിപ്പോയ മൃതദേഹങ്ങൾ നിലമ്പൂർ വരെയത്തി. സങ്കടത്തിന്റെ ഉത്തരകേരളമാകെ ഒഴുകിപ്പരക്കുകയായിരുന്നു.
മിനിറ്റുകള്‍ കഴിയും തോറും മരണ സംഖ്യ ഉയര്‍ന്നു കൊണ്ടേയിരുന്നു. രക്ഷാപ്രവര്‍ത്തനം ഒരു വശത്തും നടക്കുമ്പോഴാണ് ഒന്നിന് പിറകെ ഒന്നായി മൃതദേഹങ്ങള്‍ ലഭിക്കുന്നത്. ദുരന്തം മുഖത്തെ അവസ്ഥ പറയാന്‍ വാക്കുകള്‍ പോരാതെ വരുന്നു. നിലവില്‍ മരണസംഖ്യ 115 ആണ്. എന്നാല്‍ 250ലധികം വീടുകള്‍ ഉള്ള ഈ പ്രദേശത്ത് ഇനിയും ആളുകളെ കണ്ടെത്താനുണ്ട്. അവര്‍ ജീവനോടെ ഉണ്ടോയെന്നും വ്യക്തമല്ല. ആകെ തിരിച്ചറിഞ്ഞത് വളരെ കുറച്ച് മൃതദേഹങ്ങള്‍ മാത്രമാണ്. ചെളിയിലും വെള്ളത്തിലും പാറകളോട് കൂട്ടിയിടിച്ചും മൃതദേഹങ്ങളുടെ അവസ്ഥ ദയനീയമാണ്. ഇതില്‍ നിന്നും മൃതദേഹങ്ങള്‍ തിരിച്ചറിയുക പ്രയാസവും. പാലം തകര്‍ന്നതിനാല്‍ ഏറെ വൈകിയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഇപ്പോഴും ഇവിടെത്തെ നാശനഷ്ടങ്ങളുടെ യഥാര്‍ത്ഥ ചിത്രം പുറം ലോകത്ത് എത്തിയിട്ടില്ല. 250 ഓളം വീടുകള്‍ ഉള്ള പ്രദേശത്തെ 50 ഓളം വീടുകള്‍ പൂര്‍ണ്ണമായി ഒലിച്ചുപോയി. ഈ വീടുകളില്‍ ഉള്ളവര്‍ തന്നെയാണ് മരിച്ചവരില്‍ ഏറെയും.
സൈന്യം ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. നിലവില്‍ നിരവധി പേര്‍ മുണ്ടക്കൈ മേഖലയില്‍ കുടുങ്ങികിടക്കുന്നുണ്ട്. ഇവരെ തിരിച്ചെത്തിക്കലാണ് പ്രധാന വെല്ലുവിളി. മൂടല്‍മഞ്ഞും രാത്രി ആയതും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. വെളിച്ചകുറവിനുള്ള പരിഹാരങ്ങളും ഉടന്‍ നടപ്പാക്കും. ഇതിനോടകം 100 ഓളം പേരെ രക്ഷപ്പെടുത്തി. റോപ്പ് മാര്‍ഗമാണ് രക്ഷപ്പെടുത്തുന്നത്. എന്‍ഡിആര്‍എഫ് അടങ്ങുന്ന ദൗത്യസംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. കോഴിക്കോട്ടെ ടെറിട്ടോറിയല്‍ ആര്‍മിയും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. പ്രതീക്ഷയായി വ്യോമസേന വിമാനങ്ങളുമുണ്ട്.
ചൂരല്‍മല, മുണ്ടക്കെ, അട്ടമല എന്നീ ഭാഗങ്ങളിലാണ് ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കും ഇടയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ദുരന്തം വയനാട്ടിലാണെങ്കിലും മൃതദേഹങ്ങള്‍ ഒലിച്ചിറങ്ങിയെത്തിയത് മലപ്പുറത്തെ പോത്തുകല്ലിലാണ്. ഇവിടെത്തെ ചാലിയാറിലൂടെ മൃതദേഹങ്ങള്‍ ഒഴുകുകയായിരുന്നു. എത്ര പേര്‍ സുരക്ഷിതരായി എന്ന പറയാന്‍ പോലും കഴിയാന്‍ പറ്റാത്ത അവസ്ഥയാണ്. ചൂരല്‍ല്‍മലയേക്കാള്‍ തീവ്രത മുണ്ടക്കൈ ഭാഗത്തുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
മരിച്ചവരെ കുറിച്ചും കാണാതയവരെ കുറിച്ചും കൃത്യമായ വിവരം നല്‍കാന്‍ ആര്‍ക്കും കഴിയാത്ത സാഹചര്യമാണ്. തോട്ടം തൊഴിലാളികളുടെ ഒമ്പത് ലയങ്ങളും ഒലിച്ചുപോയിട്ടുണ്ട്. ഇവിടെ താമസിച്ചവരെ കുറിച്ച് ഒരു വിവരം ഇതുവരെ ലഭിച്ചിട്ടില്ല. ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് മലവെള്ളപാച്ചിലില്‍ പുഴ ദിശമാറി ഒഴുകുകയായിരുന്നു. ഇത് ചൂരല്‍മലയെ തകര്‍ക്കുകയായിരുന്നു. എങ്ങും കൂറ്റന്‍ കല്ലകളും ചെളിയും മാത്രമാണ് കാണാന്‍ കഴിയുന്നത്. ദുരന്തത്തിന്റെ ഞെട്ടലില്‍ വയനാട് വിറങ്ങിലിക്കുകയാണ്. ഒരു രാത്രി കൊണ്ട് ഒരു ദേശം മുഴുവന്‍ ഇല്ലാതായ വേദനിയിലാണ് വയനാടും കേരളക്കരയും. ഇനി ഒരു മൃതദേഹവും ലഭിക്കല്ലേ എന്ന പ്രാര്‍ത്ഥനിയിലാണ് ദുരന്തമുഖത്തുള്ളവര്‍ എല്ലാം.