റിയാദ്: ലോകത്തിലെ ഏറ്റവും അത്ഭുതകരമായ വാട്ടർ എൻ്റർടൈൻമെൻ്റ് പാർക്ക് റിയാദിൽ സന്ദർശകർക്കായി ഒരുങ്ങുന്നു. ഖിദ്ദിയ ഇൻവെസ്റ്റ്‌മെൻ്റ് കമ്പനിയുടെ ഡയറക്ടർ ബോർഡാണ് “അക്വാറിബിയ” പാർക്കിന്റെ പ്രഖ്യാപനം നടത്തിയത്. സൗദി അറേബ്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ വാട്ടർ പാർക്കാണിത്. വാട്ടർ തീം പാർക്കും ഖിദിയയിൽ ഒരുക്കും. വടക്കേ അമേരിക്കയ്ക്ക് പുറത്തുള്ള ഇത്തരത്തിലുള്ള ആദ്യത്തെ തീം പാർക്കായിരിക്കും ഇത്.
പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യയും നൂതന രൂപകല്പനകളും ഉപയോഗിച്ചാണ് രണ്ട് പാർക്കുകളും പ്രവർത്തിക്കുക. നൂതന സംവിധാനങ്ങളാണ് വാട്ടർ തീം പാർക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 0% വരെ വെള്ളം പാഴാക്കുന്നത് കുറയ്ക്കാനും ഊർജ്ജ ഉപഭോഗം കുറയ്ക്കാനും കഴിയും. മാലിന്യങ്ങൾ ശാസ്ത്രീയമായി നിർമാർജ്ജനം ചെയ്യും.
ലോകത്തിലെ ആദ്യത്തെ മൾട്ടി-ഉപയോഗ ഗെയിമിംഗ്, ഇലക്ട്രോണിക് സ്‌പോർട്‌സ് ഏരിയ, മൾട്ടി സ്‌പോർട് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം, സ്‌പീഡ് എന്നിവയുൾപ്പെടെ ഖിദ്ദിയ നഗരത്തിലെ നിരവധി ആവേശകരമായ വിനോദ, കായിക, സാംസ്‌കാരിക ആകർഷണങ്ങളുടെ പ്രഖ്യാപനത്തിന് ശേഷമാണ് “അക്വാറിബിയ” അനാവരണം ചെയ്യുന്നത്.
“അക്വാറിബിയ” സൗദിയിലെ ആദ്യത്തെ നിർമ്മിത ജല വിനോദ നഗരമായിരിക്കും. 22 ഗെയിമുകളിലൂടെയും ജലാനുഭവങ്ങളിലൂടെയും ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കും. ലോകത്തിലെ ആദ്യത്തെ ഇരട്ട വാട്ടർ ലൂപ്പ്, ഏറ്റവും ഉയരം കൂടിയതും ഉയരമുള്ളതുമായ വാട്ടർ കോസ്റ്റർ, ഏറ്റവും നീളമേറിയതും ഉയർന്നതുമായ വാട്ടർ റേസിംഗ് ട്രാക്ക്, ഏറ്റവും ഉയരം കൂടിയ വാട്ടർ സ്ലൈഡ്, ലോകത്തിലെ ഏറ്റവും വലിയ റൈഡ് എന്നിങ്ങനെ അഞ്ച് ലോക റെക്കോർഡുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്.
ഡൈവിംഗ് വാഹനങ്ങൾ ഉൾപ്പെടുന്ന ആദ്യത്തെ അണ്ടർവാട്ടർ സാഹസിക യാത്രയും “അക്വാറിബിയ”യിൽ ഉൾപ്പെടും, റാഫ്റ്റിംഗ്, കയാക്കിംഗ്, കനോയിംഗ്, ഫ്രീ സോളോ ക്ലൈംബിംഗ്, ക്ലിഫ് ജമ്പിംഗ് എന്നിവയും ഒരുക്കിയിട്ടുണ്ട്. കിംഗ്ഡത്തിലെ ആദ്യത്തെ സർഫിംഗ് പൂളിന് പുറമേ, പുരാതന മരുഭൂമിയിലെ ജലസ്രോതസ്സുകളെയും ഖിദ്ദിയയിലെ വന്യജീവികളെയും പ്രമേയമാക്കി വാട്ടർ പാർക്കുകളിൽ അപൂർവ്വമായി കാണുന്ന ഇമ്മേഴ്‌സീവ് ഡിസൈൻ ഘടകങ്ങളും സന്ദർശകരെ ആകർഷിക്കും.
ഹോട്ടലുകൾ, ഡൈനിംഗ്, വിശ്രമസ്ഥലങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. അക്വാറിബിയ ടൂറിസം, കായിക മേഖലയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ഖിദ്ദിയ ഇൻവെസ്റ്റ്‌മെൻ്റ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ അബ്ദുല്ല ബിൻ നാസർ അൽ ദാവൂദ് പറഞ്ഞു. അടുത്ത വർഷം നിർമാണം പൂർണമായും പൂർത്തിയാകും.