ന്യൂദൽഹി- വഖഫ് ഭേദഗതി ബില്ലിനെ പാർലമെന്റിൽ എതിർക്കുമെന്ന് സി.പി.എം വ്യക്തമാക്കി. ബില്ലിന്മേൽ നാളെ നടക്കുന്ന ചർച്ചയിൽ സി.പി.എം എം.പിമാർ പങ്കെടുക്കുമെന്ന് പാർട്ടി നേതാവ് പ്രകാശ് കാരാട്ട് വ്യക്തമാക്കി. നാളെ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ സി.പി.എം എം.പിമാർ പങ്കെടുക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. സി.പി.എം എംപിമാർ ബുധൻ മുതൽ വെള്ളിവരെയുള്ള, അടുത്ത മൂന്ന് ദിവസം സഭയിലുണ്ടായിരിക്കില്ലെന്ന കാട്ടി ലോക്‌സഭ സ്പീക്കർക്ക് നേരത്തെ സി.പി.എം കത്തു നൽകിയിരുന്നു. സിപിഎമ്മിൻ്റെ സഭാകക്ഷി നേതാവായ കെ.രാധാകൃഷ്ണനാണ് പാർട്ടിയുടെ നാല് എംപിമാർ സഭയിലുണ്ടായിരിക്കില്ലെന്ന ചൂണ്ടിക്കാട്ടി കത്തുനൽകിയത്.
കെ.രാധാകൃഷ്‌ണനൊപ്പം അമ്ര റാം, എസ്.വെങ്കിടേശൻ, ആർ.സച്ചിദാനന്ദം എന്നീ എംപിമാർ ബുധൻ മുതൽ വെള്ളി വരെ സഭയിലുണ്ടാകില്ലെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. വഖഫ് ബില്ലിനോട് എതിർപ്പുണ്ടെങ്കിലും മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടതിനാൽ സഭയിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയാണ് സിപിഎം എംപിമാർ കത്തുനൽകിയിരുന്നത്. എന്നാൽ പിന്നീട് ഈ തീരുമാനം സി.പി.എം മാറ്റുകയായിരുന്നു. നാലു പേരും സഭയിൽ വരുമെന്നും പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടതില്ലെന്നും കാരാട്ട് അറിയിച്ചു.
അതിനിടെ. ബുധനാഴ്ച രാവിലെ രാഹുൽ ഗാന്ധി കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ചുചേർത്തു. ഈ യോഗത്തിലായിരിക്കും വഖഫ് ഭേദഗതി ബില്ലിനോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനം പാർട്ടി എടുക്കുക. വഖഫ് ഭേദഗതി ബിൽ ബുധനാഴ്‌ച പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ അംഗങ്ങൾക്ക് കോൺഗ്രസ് വിപ്പ് നൽകിയിട്ടുണ്ട്. കോൺഗ്രസിന്റെ ലോക്‌സഭയിലെയും രാജ്യസഭയിലെയും എല്ലാ എംപിമാരോടും ബുധൻ മുതൽ വെള്ളിവരെയുള്ള, അടുത്ത മൂന്ന് ദിവസം സഭയിൽ ഹാജരായിരിക്കണമെന്ന നിർദേശമാണ് പാർട്ടി നൽകിയിരിക്കുന്നത്. രാജ്യസഭാംഗങ്ങൾക്ക് ചൊവ്വാഴ്ച ഉച്ചയോടെയാണ് വിപ്പ് നൽകിയത്. ലോക്സഭഅംഗങ്ങൾക്ക് വൈകിട്ടോടെയും വിപ്പ് നൽകി