ന്യൂദൽഹി: ലോക്സഭക്ക് ശേഷം വഖഫ് ബിൽ രാജ്യസഭയിലും പാസായി. ലോക്സഭയിൽ വഖഫ് ബിൽ പാസായതിന് ശേഷം 24 മണിക്കൂറിനകമാണ് ബിൽ രാജ്യസഭയും അംഗീകരിച്ചത്. 128 വോട്ടുകൾ അനുകൂലമായും 95 വോട്ടുകൾ എതിരായും ലഭിച്ചു. വോട്ടെടുപ്പ് നടക്കുന്നതിന് ഏതാനും മിനിറ്റ് മുമ്പ് ബിജു ജനതാദൾ അംഗങ്ങളോട് മനസാക്ഷി വോട്ടു ചെയ്യാൻ നിർദ്ദേശിച്ചത് ശ്രദ്ധേയമായി. ഏഴ് അംഗങ്ങളാണ് ബിജു ജനതാദളിന് ഉള്ളത്. “വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് ന്യൂനപക്ഷ സമുദായങ്ങളുടെ വിവിധ വിഭാഗങ്ങളുടെ വികാരങ്ങൾ പരിഗണിച്ചാണ് ഈ നിലപാട് സ്വീകരിച്ചതെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് സസ്മിത് പത്ര പറഞ്ഞു.
ബിൽ മുസ്ലിം താൽപ്പര്യങ്ങൾക്ക് ദോഷം ചെയ്യുമെന്ന ആരോപണങ്ങൾ ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു തള്ളിക്കളഞ്ഞു. വഖഫ് ബോർഡിന്റെ കാര്യങ്ങളിൽ മുസ്ലിം ഇതര വ്യക്തികൾക്ക് ഇടപെടാൻ കഴിയില്ലെന്നും അതിന്റെ മാനേജ്മെന്റ്, ഗുണഭോക്താക്കൾ എന്നിവ പൂർണമായും മുസ്ലിംകൾക്ക് മാത്രമായിരിക്കുമെന്നും മന്ത്രി ആവർത്തിച്ചു.
ഈ ബിൽ മതവുമായി ബന്ധപ്പെട്ടതല്ല, മറിച്ച് സ്വത്തിന്റെയും അതിന്റെ മാനേജ്മെന്റിന്റെയും കാര്യമാണെന്നും അഴിമതി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണെന്നും മന്ത്രി വാദിച്ചു. ഇനി മുതൽ ഒരു സ്വത്ത് വഖഫ് ആയി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഉടമസ്ഥതയുടെ തെളിവ് ആവശ്യമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ വഖഫ് ബോർഡ് ഏതെങ്കിലും അവകാശവാദം ഉന്നയിച്ചാൽ അത് യാന്ത്രികമായി വഖഫ് സ്വത്തായി മാറുന്ന സ്ഥിതി ഇതോടെ ഇല്ലാതാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദൽഹിയിലെ ലുട്ടിയൻസ് സോണിലെ സ്വത്തുക്കൾ, തമിഴ്നാട്ടിലെ 400 വർഷം പഴക്കമുള്ള ഒരു ക്ഷേത്രം, പഞ്ച നക്ഷത്ര സ്ഥാപനത്തിനുള്ള ഭൂമി, പഴയ പാർലമെന്റ് കെട്ടിടം എന്നിവ വഖഫ് ഭൂമിയുടെ പരിധിയിൽ വരുന്നതാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ, 123 സ്വത്തുക്കളെക്കുറിച്ച് മന്ത്രിമാർ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസിന്റെ സയ്യിദ് നസീർ ഹുസൈൻ തിരിച്ചടിച്ചു. ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സ്ഥലങ്ങളെല്ലാം പള്ളികളോ ശ്മശാനങ്ങളോ ദർഗകളോ ആണെന്നും സയ്യിദ് നസീർ ഹുസൈൻ പറഞ്ഞു.
ബ്രിട്ടീഷുകാർ ലുട്ടിയൻസ് ദൽഹി കൈവശപ്പെടുത്തിയപ്പോൾ, ഈ സ്വത്തുക്കൾ നിർമാണത്തിന് ശേഷം വഖഫിന് കൈമാറിയവയാണ്. ഈ സ്വത്തുക്കൾ വഖഫിന്റെ കൈവശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ വഖഫ് നിയമപ്രകാരം ട്രൈബ്യൂണലിന്റെ തീരുമാനത്തിൽ അതൃപ്തരായവർക്ക് കോടതിയെ സമീപിക്കാൻ കഴിയില്ലെന്ന ബിജെപിയുടെ വാദത്തെ ഹുസൈൻ ചോദ്യം ചെയ്തു. “ഇത് തെറ്റാണ്. ആർക്കും കോടതിയെ സമീപിക്കാൻ കഴിയില്ലെങ്കിൽ, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും എത്രയോ കേസുകൾ തീർപ്പാക്കാതെ കിടക്കുന്നത് എങ്ങനെ?- നസീർ ഹുസൈൻ ചോദിച്ചു.
സർക്കാർ ചെയ്യുന്നത് ശരിയല്ലെന്നും ഇത് രാജ്യത്തുടനീളം തർക്കങ്ങൾക്ക് കാരണമാകുമെന്നും കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ പറഞ്ഞു. ഭേദഗതി പിൻവലിക്കണമെന്നും ഖർഗെ ആവശ്യപ്പെട്ടു. ലോക്സഭയിൽ ബിൽ 288 അനുകൂല വോട്ടുകളോടും 232 എതിർ വോട്ടുകളുമാണ് ലഭിച്ചത്. എല്ലാവരും ഇത് അംഗീകരിച്ചോ? ഇതിനർത്ഥം ബില്ലിൽ പോരായ്മകൾ ഉണ്ടെന്നാണ്. ഈ നിലയിൽ പോയാൽ അത് ആർക്കും ഗുണം ചെയ്യില്ല,- അദ്ദേഹം പറഞ്ഞു.
“എന്തിനാണ് രണ്ട് മുസ്ലിം ഇതര അംഗങ്ങൾ വഖഫ് ബോർഡിൽ ആവശ്യം. തിരുപ്പതിയിൽ മുസ്ലിംകളെ നിയമിക്കാറുണ്ടോ? രാമക്ഷേത്ര ട്രസ്റ്റിൽ മുസ്ലിം അംഗങ്ങൾ ഉണ്ടോ. മുസ്ലിംകളെ വിട്ടുകളയുക. എന്നെപ്പോലുള്ള ഒരു ദലിത് ഹിന്ദുവിനെ പോലും അവിടെ നിയമിക്കില്ലെന്നും ഖർഗെ പറഞ്ഞു. നിർദ്ദിഷ്ട നിയമം ഇനി രാഷ്ട്രപതിയുടെ ഒപ്പിനായി അയക്കും.
വഖഫ് ബില്ലിന്റെ വിവാദ വ്യവസ്ഥകൾ
ഭേദഗതി ചെയ്ത ബില്ലിലെ വിവാദ വ്യവസ്ഥകളിൽ സെൻട്രൽ വഖഫ് കൗൺസിലിലും വഖഫ് ബോർഡുകളിലും രണ്ട് മുസ്ലിം ഇതര അംഗങ്ങളെ നിർബന്ധമായും ഉൾപ്പെടുത്തണം.
കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഇസ്ലാം മതം പിന്തുടർന്നവർക്ക് മാത്രമേ വഖഫിന് സ്വത്ത് ദാനം ചെയ്യാൻ കഴിയൂ എന്ന വ്യവസ്ഥയും ഉണ്ട്. ആരാണ് പ്രാക്ടീസിങ് മുസ്ലിമെന്ന് സർക്കാർ എങ്ങനെ നിർണയിക്കുമെന്ന് പ്രതിപക്ഷം ചോദിച്ചു. മതം മാറിയവരെ ദാനം ചെയ്യുന്നതിൽ നിന്ന് വിലക്കുന്നത് മതം ആചരിക്കാനുള്ള അടിസ്ഥാന അവകാശത്തിലും സമത്വ നിയമത്തിലും ഇടപെടലാണെന്നും പ്രതിപക്ഷം വാദിച്ചു.