ന്യൂദൽഹി: പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് മറികടന്ന് വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി. 232-നെതിരെ 288 വോട്ടുകൾക്കാണ് ബിൽ ലോക്സഭ പാസാക്കിയത്. നാളെ(വ്യാഴം) ബിൽ രാജ്യസഭയും പരിഗണിക്കും. പന്ത്രണ്ടു മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് ബിൽ പാസായത്. സർക്കാരിന് ലോക്സഭയിലുള്ള ഭൂരിപക്ഷം ബിൽ പാസാകാൻ സഹായകരമായി. വ്യാഴാഴ്ച വൈകിട്ടാണ് ബിൽ രാജ്യസഭ പരിഗണിക്കുന്നത്. പ്രതിപക്ഷം നിർദ്ദേശിച്ച ഒരു ഒരു ഭേദഗതിയും സർക്കാർ അംഗീകരിച്ചില്ല.
കേന്ദ്ര വഖഫ് കൗൺസിലിലും വഖഫ് ബോർഡുകളിലും രണ്ട് അമുസ്ലിം അംഗങ്ങളെ നിർബന്ധമായും ഉൾപ്പെടുത്തണം തുടങ്ങിയ വിവാദപരമായ തീരുമാനങ്ങളാണ് പുതിയ ഭേദഗതിയിലുള്ളത്. കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഇസ്ലാം വിശ്വാസം ആചരിക്കുന്ന വ്യക്തികൾക്ക് മാത്രമേ വഖഫിന് സ്വത്തുക്കൾ സംഭാവന ചെയ്യാൻ കഴിയൂ എന്നത് അടക്കമുള്ള വ്യവസ്ഥകളും പുതിയ ഭേദഗതിയിലുണ്ട്. ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്താനും അവകാശങ്ങൾ നിഷേധിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഭരണഘടനയ്‌ക്കെതിരെ ആക്രമണം നടത്തുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി, ഒരു പ്രതീകാത്മക പ്രതിഷേധം എന്ന നിലയിൽ നിയമഭേദഗതിയുടെ കോപ്പി കീറിയെറിഞ്ഞു.
എന്നാൽ ബിൽ മതത്തെക്കുറിച്ചല്ല, സ്വത്തിനെക്കുറിച്ചും അതിന്റെ വിനിയോഗത്തിനും വ്യവസ്ഥ ഏർപ്പെടുത്താനാണ് ഭേദഗതി കൊണ്ടുവന്നതെന്ന് സർക്കാർ വാദിച്ചു.