കാഞ്ഞങ്ങാട്: ലോകസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തി കേന്ദ്രത്തിൽ നിന്നും ഉറച്ചവോട്ടുകൾ ബി.ജെ.പി സ്ഥാനാർത്ഥിക്ക് കിട്ടിയത് ഗൗരവമായി പരിശോധിക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ ടീച്ചർ. കാഞ്ഞങ്ങാട് പലേഡിയം കൺവെൻഷൻ സെന്ററിൽ സി.പി.എം
മേഖല യോഗത്തിൽ പാർട്ടി സംസ്ഥാന കമ്മറ്റി, കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു ശൈലജ ടീച്ചർ.
കാസർകോട് മണ്ഡലത്തിലും കേരളത്തിൽ മറ്റു പലയിടങ്ങളിലും ഈ പ്രവണത ശക്തമായിരുന്നു. പാർട്ടിയുടെ ഉരുക്കു കോട്ടയിൽ നിന്നും നമ്മുടെ വോട്ടുകൾ ബി.ജെ.പി ക്കും യു.ഡി.എഫിനും ലഭിച്ചത് മോശം പ്രവണതയാണ്. ഈ അടിയൊഴുക്ക് കണ്ടെത്തി തടയാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും കെ.കെ ശൈലജ പറഞ്ഞു.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടിക്ക് തെറ്റുപറ്റിയിട്ടില്ല. എല്ലാ മണ്ഡലത്തിലും മികച്ച സ്ഥാനാർത്ഥികളെയാണ് മുന്നണി നിർത്തിയത്. കാസർകോട് മണ്ഡലത്തിലും സ്ഥാനാർത്ഥി നിർണ്ണയം യോജിച്ചെടുത്ത തീരുമാനമാണ്. പരാതികൾ ഉണ്ടായിരുന്നില്ല. ഈ തിരഞ്ഞെടുപ്പിലെ തോൽവി താൽക്കാലികമാണ്. 2019 ൽ ഇങ്ങനെ സംഭവിച്ചിട്ടും പാർട്ടിയും മുന്നണിയും തിരിച്ചു വന്നിട്ടുണ്ട്. എന്നാൽ പാർട്ടി നേതാക്കളും പ്രവർത്തകരും ശൈലി മാറ്റണം. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി അവരുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കാനും ചേർത്ത് നിർത്താനും പ്രവർത്തിക്കണമെന്നും
കെ.കെ ശൈലജ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ താഴെത്തട്ടിൽ നിന്ന് നൽകിയ കണക്കുകൾ ഒന്നും ശരിയായിരുന്നില്ലെന്നും വിലയിരുത്തലുണ്ടായി. എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.പി സതീഷ് ചന്ദ്രനും മറ്റ് ജില്ലാ നേതാക്കളും യോഗത്തിലുണ്ടായി. വടക്കൻ മേഖല റിപ്പോർട്ടിങ്ങിൽ പങ്കെടുത്തതിനാൽ സി.പി. എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ എത്തിയിരുന്നില്ല . നീലേശ്വരം, കാഞ്ഞങ്ങാട്, പനത്തടി ഏരിയാ കമ്മിറ്റിയിലെ ബ്രാഞ്ച് സെക്രട്ടറിമാർ, ലോക്കൽ സെക്രട്ടറിമാർ, ലോക്കൽ. ഏരിയാ കമ്മിറ്റി അംഗങ്ങൾ, ഏരിയാ കമ്മിറ്റി സെക്രട്ടറി, മേഖലാ പരിധിയിലെ ജില്ലാ സെക്രട്ടറിയേറ്റ്, അംഗങ്ങൾ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.