ജിദ്ദ – സൗദിയില്‍ അടുത്ത അധ്യയന വര്‍ഷാരംഭം മുതല്‍ വൊക്കേഷണല്‍ സെക്കണ്ടറി സ്‌കൂളുകളും ഫ്യൂച്ചര്‍ സെക്കണ്ടറി സ്‌കൂളുകളും ആരംഭിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തയാറെടുപ്പുകള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. സാങ്കേതികവും തൊഴില്‍പരവുമായ പരിശീലനത്തിനായി പുതിയ മാതൃക സൃഷ്ടിക്കാനാണ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്ന പേരില്‍ ആരംഭിക്കുന്ന വൊക്കേഷണല്‍ സെക്കണ്ടറി സ്‌കൂളുകളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇന്റര്‍മീഡിയറ്റ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന വൊക്കേഷണല്‍ സെക്കണ്ടറി സ്‌കൂളുകള്‍ തൊഴില്‍ വിപണിയുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക നൈപുണ്യങ്ങളില്‍ സാങ്കേതിക പരിശീലനങ്ങള്‍ നല്‍കും.
സെമസ്റ്ററുകളുടെയും വര്‍ഷങ്ങളുടെയും എണ്ണത്തില്‍ ഈ സ്ഥാപനങ്ങള്‍ പൊതുവിദ്യാഭ്യാസത്തിലെ സെക്കണ്ടറി സ്‌കൂളുകള്‍ക്ക് തുല്യമായിരിക്കും. വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ക്ക് ഒരു പുതിയ പഠന മോഡല്‍ രൂപകല്‍പ്പന ചെയ്യുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതിലൂടെ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളെ സെക്കണ്ടറി സ്‌കൂളുകളുമായി സംയോജിപ്പിക്കും.
ഫ്യൂച്ചര്‍ സെക്കണ്ടറി സ്‌കൂളുകള്‍ പ്രത്യേക വിഭാഗം വിദ്യാര്‍ഥികളെ സമന്വയിപ്പിച്ചുകൊണ്ട് പഠന രീതികളില്‍ സമഗ്രമായ പുതിയ രീതിശാസ്ത്രം നല്‍കാന്‍ ലക്ഷ്യമിടുന്നു. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലാണ് ഇത്തരം സ്‌കൂളുകള്‍ തുടക്കത്തില്‍ ആരംഭിക്കുക. പിന്നീട് മറ്റു പ്രദേശങ്ങളിലേക്കും ഇത്തരം സ്‌കൂളുകള്‍ വ്യാപിപ്പിക്കും.
തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു പുതിയ സാങ്കേതിക പരിശീലന മാതൃക നടപ്പാക്കാനും സാങ്കേതിക, തൊഴില്‍ പരിശീലന കോഴ്‌സുകളില്‍ ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കാനും ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും സെക്കണ്ടറി സ്‌കൂളുകള്‍ക്കുമിടയില്‍ സംയോജനത്തിനും വിദ്യാര്‍ഥികളുടെ മാറ്റത്തിനും വഴക്കം നല്‍കാനും ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ പ്രവേശനത്തിനുള്ള ആകര്‍ഷണീയത വര്‍ധിപ്പിക്കാനും യോഗ്യരായ പരിശീലകര്‍ വഴി പരിശീലനം നല്‍കാനും വൊക്കേഷണല്‍ സെക്കണ്ടറി സ്‌കൂളുകളിലൂടെ ലക്ഷ്യമിടുന്നു. വ്യതിരിക്തമായ ഗുണപരമായ വിദ്യാഭ്യാസം നല്‍കാനും പഠന രീതികളില്‍ സമഗ്രമായ പുതിയ രീതിശാസ്ത്രം നല്‍കാനും ഫ്യൂച്ചര്‍ സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിലൂടെയും ലക്ഷ്യമിടുന്നു.