തിരുവനന്തപുരം- കേരള വികസന അധ്യായത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും ഔദ്യോഗിക സ്വീകരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാനത്തിന്റെ ദീർഘകാലത്തെ സ്വപ്നം യാഥാർത്ഥ്യമായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലക ശക്തിയാണ്. വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചു.
ലോകത്തിലെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. മദർഷിപ്പുകൾ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് വിഴിഞ്ഞത് ബർത്ത് ചെയ്യാം. ഇന്ന് ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷൻ ഇന്ന് മുതൽ തുടങ്ങുകയാണ്. ഉടൻ പൂർണ പ്രവർത്തന രീതിയിലേക്ക് മാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി.
എൽഡിഎഫ് സർക്കാരാണ് വിഴിഞ്ഞം തുറമുഖ അനുമതിക്കായി ആദ്യം ശ്രമിച്ചതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. 2007ൽ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ടിനെ നോഡൽ ഏജൻസിയാക്കി. 2010ൽ ടെൻഡർ നടപടികൾക്ക് ശ്രമിച്ചു. അപ്പോൾ ചൈനീസ് കമ്പനിയെന്ന് പറഞ്ഞ് ചിലർ ആക്ഷേപം ഉയർത്തി. അന്ന് മൻമോഹൻ സർക്കാരാണ് വിഴിഞ്ഞത്ത് പോർട്ടിന് അനുമതി നിഷേധിച്ചത്. 212 ദിവസം നീണ്ട ജനകീയ സമരം എൽഡിഎഫ് നടത്തി. പിന്നീട് 2013 ലാണ് വീണ്ടും പദ്ധതി വരുന്നത്. നാം ഒറ്റകെട്ടായി ശ്രമിച്ചതിന്റെ ഫലമാണ് ഈ ദിനം. അന്താരാഷ്ട്ര ലോബികൾ ഇതിനെതിരെ പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. തുറമുഖമന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു.
അതേസമയം, വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടിയെയും വിഎസ് അച്യുതാനന്ദനെയും മുഖ്യമന്ത്രി പരാമർശിച്ചതേയില്ല. പദ്ധതിക്ക് കരാർ ഒപ്പിട്ട മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പിണറായി പൂർണമായും പ്രസംഗത്തിൽ ഒഴിവാക്കി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ വിഴിഞ്ഞം കല്ലിടലോ ഒപ്പിടലോ മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചില്ല. പദ്ധതിയുടെ ചരിത്രം ഓർപ്പിച്ചപ്പോഴും ഇടത് സർക്കാരുകളുടെ മികവിനെ പുകഴ്ത്തിയ വേളയിലും വിഎസ് അച്യുതാനന്ദന്റെ പേരും പിണറായി സൂചിപ്പിച്ചില്ല.
തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി മുന്നണികള്‍ തമ്മില്‍ തർക്കം രൂക്ഷമാകുന്നതിനിടെയാണ് പിണറായി ഇത്തരമൊരു നീക്കം നടത്തിയത്. അദാനി ഗ്രൂപ്പിന്റെ സഹകരണത്തിനടക്കം നന്ദിയറിയിച്ച മുഖ്യമന്ത്രി, മുൻ ഇടതുപക്ഷ മന്ത്രിമാരായ അഹമ്മദ് ദേവർകോവിലിനെയും കടന്നപ്പള്ളിയെയും പ്രത്യേകം അഭിനന്ദിക്കുകയും പേരെടുത്ത് പരാമർശിക്കുകയും ചെയ്തു. തുറമുഖത്തിനായി അർപ്പണബോധത്തോടെ അഹമ്മദ് ദേവർകോവിൽ പ്രവർത്തിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
2015ൽ വിഴിഞ്ഞം വിഷയത്തിൽ ഇടതുമുന്നണി ഉയർത്തിയ എതിർപ്പുകളെ മുഖ്യമന്ത്രി ന്യായീകരിച്ചു. അഴിമതിക്കോ ചൂഷണത്തിനോ ഉള്ള വഴിയായി വിഴിഞ്ഞം മാറരുതെന്ന് മാത്രമായിരുന്നു എൽ.ഡി.എഫിനെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അഴിമതിയുടെ എല്ലാ സാധ്യതകളും അടച്ചുകൊണ്ടാണ് തുറമുഖം സജ്ജമാക്കിയതെന്നും പിണറായി അവകാശപ്പെട്ടു.