കണ്ണൂർ: പ്രണയ നിഷേധത്തിന്റെ വിരോധത്തിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ. ശിക്ഷ തിങ്കളാഴ്ച വിധിക്കും. പാനൂരിലെ വിഷ്ണുപ്രിയ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മാനന്തേരി സ്വദേശി ശ്യംജിത്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തലശ്ശേരി സെഷൻസ് കോടതിയാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും.
പ്രണയത്തിൽനിന്ന് പിൻവാങ്ങിയതിന്റെ വൈരാഗ്യത്തിൽ പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാൽ നടമ്മലിൽ വിഷ്ണുപ്രിയ (25)നെ വീട്ടിൽക്കയറി കഴുത്തറത്തും കൈഞരമ്പുകളും മുറിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശ്യംജിത്ത് അറസ്റ്റിലായത്.
2022 ഒക്ടോബർ 22 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണമായ സംഭവം.
വിഷ്ണുപ്രിയയും ശ്യാംജിത്തും പ്രണയത്തിലായിരുന്നെന്നും കൊലപാതകം നടക്കുന്നതിന് രണ്ടുമാസം മുൻപ് ഇവർ തെറ്റിപ്പിരിഞ്ഞെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമായിരുന്നു പോലീസ് പറഞ്ഞത്.