ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു, അടുത്ത മാസം നടക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുവരും കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കും. ജുലാന സീറ്റിൽ 30 കാരിയായ വിനേഷ് ഫോഗട്ട് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 30 കാരനായ ബജ്രംഗ് പുനിയ കോൺഗ്രസിൻ്റെ ബാഡ്ലി സീറ്റിൽ മത്സരിക്കും. ഇരുവരും ഇന്ന് ഉച്ചയോടെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിക്കുന്ന ഏറ്റവും വലിയ മുന്നേറ്റമായാണിത് കണക്കാക്കുന്നത്. ഹരിയാനയിൽ കോൺഗ്രസും ആം ആദ്മിയും സീറ്റ് ധാരണാ ചർച്ചകളിലാണ്. ഇരുപാർട്ടികളും തമ്മിൽ സഖ്യത്തിൽ ഏർപ്പെടാൻ തത്വത്തിൽ ധാരണയായിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടന്നുവരികയാണ്.
2014 മുതൽ ബിജെപി ഭരിക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ വോട്ടർമാർക്കിടയിൽ വിനേഷ് ഫോഗട്ടിനെയും ബജ്റംഗ് പുനിയയെയും രംഗത്തിറക്കുന്നത് ഗുണം ചെയ്യുമെന്നും കോൺഗ്രസ് വ്യക്തമാക്കി. ഇന്ത്യയുടെ അഭിമാനങ്ങളായ ഗുസ്തി താരങ്ങളാണ് വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും.