ജിദ്ദ – സൗദി അറേബ്യയുടെയും അറബ് ലോകത്തിന്റെയും ആകാശത്ത് വിസ്മയം തീര്‍ത്ത് ഇന്നലെ (ശനിയാഴ്ച) രാത്രി ശുക്രന്‍ ഉച്ചസ്ഥായിയില്‍ വെട്ടിത്തിളങ്ങി. കണ്ണഞ്ചിപ്പിക്കുന്ന ദീപസ്തംഭം പോലെ അസാധാരണമാംവിധം രണ്ടര മടങ്ങ് തിളക്കത്തോടെയാണ് ശുക്രന്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം, അടുത്ത വര്‍ഷം സെപ്റ്റംബര്‍ വരെ ഇത്രയും തിളക്കത്തോടെ ശുക്രന്‍ ഇനി ദൃശ്യമാകില്ല.
ഇന്നലെ സൂര്യാസ്തമയത്തിനു ശേഷം വെട്ടിത്തിളങ്ങുന്ന ശുക്രന്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണപ്പെടുകയും രാത്രിയുടെ തുടക്കത്തില്‍ തെക്കുപടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് നീങ്ങുകയും ചെയ്‌തെന്നും മൂന്നു മണിക്കൂറിലധികം നേരം ഈ രൂപത്തില്‍ ശുക്രന്‍ ദൃശ്യമായി തുടര്‍ന്നെന്നും ജിദ്ദ ആസ്‌ട്രോണമി സൊസൈറ്റി തലവന്‍ എന്‍ജിനീയര്‍ മജീദ് അബൂസാഹിറ പറഞ്ഞു.
ഏകദേശം എട്ടര മാസത്തിനു ശേഷം സൂര്യപ്രകാശത്താല്‍ ശുക്രന്‍ 100 ശതമാനം പ്രകാശിതമാകുമെന്നും അന്ന് ഗ്രഹം ഇപ്പോഴുള്ളതിനേക്കാള്‍ അഞ്ച് മടങ്ങ് ഭൂമിയില്‍ നിന്ന് അകലെയായിരിക്കുമെന്നും ഇന്നലെ ദൃശ്യമായതിനെ അപേക്ഷിച്ച് തെളിച്ചം കുറവായിരിക്കുമെന്നും എന്‍ജിനീയര്‍ മജീദ് അബൂസാഹിറ പറഞ്ഞു.