തിരുവനന്തപുരം- വെഞ്ഞാറമൂട്ടിലെ അതികൂര്രമായ കൊലപാതക പരമ്പരയുടെ വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് കേരളം. പതിമൂന്നു വയസുള്ള സഹോദരനെയും തന്റെ പെൺസുഹൃത്തിനെയും പിതാവിന്റെ സഹോദരനെയും ഭാര്യയെയും പിതാവിന്റെ ഉമ്മയെയും കൊലപ്പെടുത്തിയ പ്രതിയുടെ ക്രൂരതയിൽ നടുങ്ങി വിറച്ചിരിക്കുകയാണ് കേരളം. ക്രൂരത നടത്തിയ ശേഷം പ്രതി അഫാനും വിഷം കഴിച്ചു.
കൊലപാതകം നടത്തിയ ശേഷം വീട്ടിലെ ഗ്യാസ് സിലിണ്ടറും തുറന്നുവിട്ട ശേഷമാണ് ഇയാൾ പോലീസ് സ്റ്റേഷനിലെത്തിയത്. രണ്ടു മണിക്കൂറിനിടെ മൂന്നു വീടുകളിലാണ് ഇയാൾ കൊല നടത്തിയത്. ഒരു ഭാവഭേദവുമില്ലാതെയാണ് ഇയാൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ചുള്ളാട്, പാങ്ങോട്, വെഞ്ഞാറമൂട് എന്നിവടങ്ങളിലാണ് ഇയാൾ കൊല നടത്തിയത്. ആദ്യം ഉമ്മയെ തലക്കടിച്ച ശേഷം ഉപ്പയുടെ ഉമ്മ സൽമാബീവിയെയും ഉപ്പയുടെ ജേഷ്ഠൻ ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ ഇയാൾ സഹോദരൻ അഫ്സാനെയും കൊന്നു. പിന്നീട് പെൺസുഹൃത്ത് ഫർസാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ഇയാൾ കൊലപ്പെടുത്തിയ പിതാവിന്റെ ഉമ്മക്ക് 95 വയസുണ്ട്. ഇയാളുടെ ഉമ്മയുടെ നിലയും അതീവഗുരുതരമായി തുടരുകയാണ്. അത്യാസന്ന വിഭാഗത്തിൽ ചികിത്സയിലാണ് ഉമ്മ. ഇവർ കാൻസർ രോഗത്തിന് ചികിത്സയിലുമാണ്. ബന്ധുക്കളെ കൊലപ്പെടുത്തിയ ശേഷം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തിയാണ് ഇയാൾ കീഴടങ്ങിയത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞതായി വിവരമുണ്ട്.

സൗദിയിലെ ദമാമിൽ പ്രവാസ ജീവിതം നയിക്കുന്ന പിതാവിന്റെ അടുത്തേക്ക് അഫാൻ ഉമ്മയുടെ കൂടെ ഏതാനും മാസം മുമ്പ് എത്തിയിരുന്നു. അർബുദ രോഗിയാണ് ഉമ്മ. വിസിറ്റ് വിസയിൽ എത്തിയ ശേഷം തിരിച്ചുപോകുകയായിരുന്നു. 23 വയസാണ് ക്രൂരമായ കൊലപാതകം നടത്തിയ അഫാന്റെ പ്രായം.
ആറു പേരെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ടാണ് ഇയാൾ ഇന്ന് ഉച്ചയോടെ പോലീസ് സ്റ്റേഷനിൽ എത്തിയത്. മൂന്നു പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇയാൾ കൊല നടത്തിയത്. അതിക്രൂരമായ കൊലയാണ് ഇയാൾ നടത്തിയത്. ഹാമർ കൊണ്ട് തലയ്ക്കടിച്ചാണ് കൊല നടത്തിയത്. തികച്ചും ആസൂത്രിതമായി കൊല നടത്തിയ ശേഷമാണ് ഇയാൾ സ്റ്റേഷനിൽ എത്തിയത്. കൊലപാതകത്തിന് ശേഷം ഇയാൾ എലിവിഷം കഴിക്കുകയും ചെയ്തു. തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളേജിൽ ഇയാൾ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമല്ല. രണ്ടു ദിവസം മുമ്പ് തന്റെ പിതാവിന്റെ ഉമ്മയോട് ഇയാൾ സ്വർണാഭരണം ചോദിച്ചതായും വിവരമുണ്ട്.
കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധിയുള്ളതായി വിവരമില്ലെന്നും നാട്ടുകാർ പറയുന്നു. ബിസിനസ് സംബന്ധമായി സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നുണ്ട്. പിതാവിന്റെ ഉമ്മയുടെ മാല പ്രതി അഫാൻ കവർന്നതായും പോലീസ് പറയുന്നു.