ആലപ്പുഴ- താൻ മുസ്ലിം വിരോധിയല്ലെന്നും തന്റെ സമുദായത്തിന്റെ പിന്നോക്കാവസ്ഥയാണ് പറഞ്ഞതെന്നും എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് ജീവിക്കാൻ പറ്റില്ലെന്നും മറ്റൊരു രാജ്യമാണെന്നുമുള്ള തന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിൽ വിശദീകരണം നൽകുകയായിരുന്നു വെള്ളാപ്പള്ളി. ബാബരി മസ്ജിദ് പൊളിച്ചപ്പോൾ പ്രതിഷേധിച്ച സംഘടനയാണ് എസ്.എൻ.ഡി.പിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലിം ലീഗ് ഒരു മതപാർട്ടിയാണ്. ലീഗിന്റെ നേതാക്കൾക്കാണ് മലപ്പുറത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളത്. എന്നാൽ ഈഴവർക്കായി ഒരു സ്ഥാപനം പോലുമില്ല. തനിക്കെതിരെ മുസ്ലിം ലീഗ് കനത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്. നീതിക്ക് വേണ്ടിയുള്ള യാചനയാണ് നടത്തിയത്. മതസൗഹാർദ്ദമാണ് വേണ്ടതെന്നും മതവിദ്വേഷമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല നിലയ്ക്കൽ പള്ളി നിർമ്മിക്കണം എന്ന് പറഞ്ഞപ്പോൾ അതിനെ പിന്തുണച്ചവരാണ് ഞങ്ങൾ. പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിയെടുത്താണ് പ്രചരിപ്പിക്കുന്നത്. മതതേരത്വം പറയുന്ന മുസ്ലിം ലീഗ് ഒരിടത്തും ഒരു ഹിന്ദുവിനെ മത്സരിപ്പിച്ചില്ല. മലപ്പുറം ആരുടെയും സാമ്രാജ്യമല്ല. എല്ലാവരുടെയും നാടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്റെ കോലം കത്ിതക്കുന്നതിന് പകരം എന്നെ കത്തിക്കൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, വെള്ളാപ്പള്ളിയെ പിന്തുണച്ച് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും രംഗത്തെത്തി. വെള്ളാപ്പള്ളി പറഞ്ഞതിൽ എന്താണ് തെറ്റ് എന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം.