ന്യൂഡൽഹി– കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശനെ പിന്തുണച്ച് വീണ്ടും പ്രിയങ്ക ഗാന്ധി. സതീശനെ മുഖ്യമന്ത്രിയാക്കാണണമെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടതായാണ് വിവരം. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണം എന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. കെ.സിക്ക് വേണ്ടിയാണ് രാഹുൽ ഗാന്ധി നിലകൊള്ളുന്നത്. കേരളത്തിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ട് ആറു ദിവസമായിട്ടും ഇതേവരെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ സാധിക്കാത്തത് കോൺഗ്രസ് അണികളിലും യു.ഡി.എഫ് പ്രവർത്തകരിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ നിശ്ചയിക്കുകയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു. എന്നാൽ കേരളത്തിന്റെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. പ്രിയങ്ക ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിലടക്കം വി.ഡി സതീശന് വേണ്ടി വലിയ പ്രചാരണമാണ് നടക്കുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞു കൊണ്ടുകൂടിയാണ് സതീശന് വേണ്ടി പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നുത്. എന്നാൽ കെ.സിയോടുള്ള ബന്ധമാണ് രാഹുലിന്റെ നിലപാടിന് പിന്നിൽ. അതിനിടെ, കെ. മുരളീധരൻ അടക്കമുള്ള നേതാക്കളെ ഹൈക്കമാന്റ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. മുൻ കെ.പി.സി.സി പ്രസിഡന്റുമായ എം.എം ഹസൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ നേതാക്കളോടാണ് ഡൽഹിയിലേക്കെത്താൻ നിർദ്ദേശിച്ചിരിക്കുന്നത്. നാളെയാണ് ഇവരുമായുള്ള കൂടിക്കാഴ്ച.
കഴിഞ്ഞ ദിവസം വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നീ നേതാക്കളുമായി ഹൈക്കമാന്റ് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ആരെന്ന് സംബന്ധിച്ച് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്ന് തീരുമാനമെടുക്കുമെന്നും തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും വി.ഡി സതീശനും കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ആ ചർച്ച കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ സംബന്ധിച്ച് തീരുമാനമെടുക്കാൻ സാധിച്ചിട്ടില്ല.



