ന്യൂയോർക്ക്- ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന് കാരണം ഇറാൻ സർക്കാറാണെന്ന് അമേരിക്ക. മോശം കാലാവസ്ഥയിലൂടെ 45 വർഷം പഴക്കമുള്ള ഹെലികോപ്റ്റർ പറത്താനുള്ള തീരുമാനത്തിന് ഉത്തരവാദി ഇറാൻ സർക്കാറാണെന്നും അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഉടൻ ഇറാൻ സർക്കാർ സഹായം അഭ്യർത്ഥിച്ചിരുന്നു. സഹായിക്കാൻ തയ്യാറാണെന്ന് ഞങ്ങൾ അറിയിച്ചിരുന്നു. ഇത്തരമൊരു സന്ദർഭത്തിൽ ഏതൊരു സർക്കാറിനെയും ബഹുമാനിച്ച് ഞങ്ങളത് ചെയ്യും. എന്നാൽ, അവിടേക്ക് പെട്ടെന്ന് എത്തിപ്പെടാനുള്ള പ്രയാസം കാരണം സഹായിക്കാനായില്ല.
1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം വാഷിംഗ്ടണുമായി നയതന്ത്ര ബന്ധമൊന്നുമില്ലാത്ത ഇറാൻ, ഇബ്രാഹീം റെയ്സിയുടെ ഹെലികോപ്റ്റർ ദുരന്തത്തെ തുടർന്ന് സഹായം തേടി എന്നാണ് അമേരിക്ക വെളിപ്പെടുത്തിയത്.
അതേസമയം, ഇരു രാജ്യങ്ങളും എങ്ങനെ ആശയവിനിമയം നടത്തിയെന്ന് വിശദമാക്കാനോ വിവരിക്കാനോ അദ്ദേഹം വിസമ്മതിച്ചു. ഇബ്രാഹീം റെയ്സിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പ്രസ്താവനയിൽ അറിയിച്ചു.
ഇറാൻ പുതിയ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുമ്പോൾ, ഇറാനിയൻ ജനതയ്‌ക്കും മനുഷ്യാവകാശങ്ങൾക്കും മൗലിക സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അവരുടെ പോരാട്ടത്തിനും ഞങ്ങൾ പിന്തുണ ഉറപ്പിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.