വാഷിംഗ്ടണ്‍ – ഇറാനില്‍ എഫ്-15 ഈഗിള്‍ യുദ്ധവിമാനം തകര്‍ന്നതുള്‍പ്പെടെ ഏതാനും യു.എസ് സൈനിക വിമാനങ്ങള്‍ക്കു നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ സംഘം വൈറ്റ് ഹൗസില്‍ അടിയന്തിര യോഗം ചേര്‍ന്നു. അമേരിക്കയും ഇറാനും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഗുരുതരമായ സംഭവവികാസമാണിതെന്ന് എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ പ്രത്യാഘാതങ്ങളും ഫീല്‍ഡ് സാഹചര്യവും വിലയിരുത്താനാണ് യോഗം നടന്നതെന്ന് മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച ഓവല്‍ ഓഫീസിനും അടുത്തുള്ള ഡൈനിംഗ് റൂമിനും ഇടയില്‍ സഞ്ചരിച്ച് മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരില്‍ നിന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരില്‍ നിന്നും തുടര്‍ച്ചയായ സുരക്ഷാ, സൈനിക വിശദീകരണങ്ങള്‍ സ്വീകരിച്ചതായി ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. ഈസ്റ്റര്‍ അവധി ദിനങ്ങള്‍ മുഴുവന്‍ ട്രംപ് വാഷിംഗ്ടണില്‍ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് നിലവിലെ സുരക്ഷാ സാഹചര്യത്തിന്റെ സംവേദനക്ഷമതയെയും വരും ദിവസങ്ങളില്‍ വേഗത്തിലുള്ള സൈനിക, രാഷ്ട്രീയ തീരുമാനങ്ങളുടെ സാധ്യതയെയും സൂചിപ്പിക്കുന്നു.
വെള്ളിയാഴ്ച, രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഇറാന്‍ യു.എസ് എഫ്-15 യുദ്ധവിമാനം വെടിവെച്ചുവീഴ്ത്തി. യു.എസ് സേന രക്ഷാപ്രവര്‍ത്തനം നടത്തി, പൈലറ്റുമാരില്‍ ഒരാളെ വിജയകരമായി രക്ഷപ്പെടുത്തി. വൈകാതെ ഗള്‍ഫ് ഉള്‍ക്കടലില്‍ രണ്ടാമത്തെ യു.എസ് എ-10 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാന്‍ സൈന്യം അറിയിക്കുകയും ഇത് അമേരിക്ക സ്ഥിരീകരിക്കുകയും ചെയ്തു. എഫ്-15 യുദ്ധവിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനു വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ രണ്ടു യു.എസ് സൈനിക ഹെലികോപ്റ്ററുകള്‍ക്കു നേരെ ഇറാന്‍ വെടിവെച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.



