ജിദ്ദ – സൗദി അറേബ്യക്ക് ആക്രമണാത്മക (അറ്റാക്കിംഗ്) ആയുധങ്ങള്‍ വില്‍ക്കുന്നതിന് ബാധകമാക്കിയ വിലക്ക് നീക്കാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചു. വിലക്ക് നീക്കാനുള്ള തീരുമാനത്തെ കുറിച്ച് യു.എസ് ഭരണകൂടം അമേരിക്കന്‍ കോണ്‍ഗ്രസിനെ ഈയാഴ്ച അറിയിച്ചിട്ടുണ്ട്. അടുത്തയാഴ്ച തന്നെ സൗദിക്കുള്ള ആയുധ വില്‍പന പുനരാരംഭിക്കുമെന്നാണ് കരുതുന്നത്.
‘ആയുധ ഇടപാടില്‍ തങ്ങളുടെ ഭാഗം സൗദികള്‍ നിറവേറ്റി, ഞങ്ങളുടെ ഭാഗം നിറവേറ്റാന്‍ ഞങ്ങള്‍ തയാറാണ്. അമേരിക്കന്‍ കോണ്‍ഗ്രസുമായുള്ള ഏകോപനത്തിലൂടെയും ഉചിതമായ അറിയിപ്പുകളിലൂടെയും സൗദി അറേബ്യക്കുള്ള ആയുധ വില്‍പന സാധാരണ ക്രമത്തിലേക്ക് ഞങ്ങള്‍ തിരികെ കൊണ്ടുവരും’ – അമേരിക്കന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ആയി അധികാരമേറ്റ് അല്‍പ കാലത്തിനു ശേഷം മൂന്നു വര്‍ഷം മുമ്പാണ് സൗദി അറേബ്യക്കുള്ള ആയുധ വില്‍പന നിര്‍ത്തിവെക്കാന്‍ ജോ ബൈഡന്‍ തീരുമാനിച്ചത്. റഷ്യയുടെ ഉക്രൈന്‍ യുദ്ധത്തിനു ശേഷം സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഊര്‍ജം അടക്കമുള്ള പ്രധാന പ്രശ്‌നങ്ങളില്‍ സൗദി അറേബ്യയുടെ സഹകരണവും മധ്യപൗരസ്ത്യദേശത്തെ അമേരിക്കന്‍ നയങ്ങള്‍ക്കുള്ള സൗദിയുടെ പിന്തുണയും ആവശ്യമാണെന്ന അമേരിക്കയുടെ വിശ്വാസം റഷ്യയുടെ ഉക്രൈന്‍ യുദ്ധം ശക്തമാക്കിയിട്ടുണ്ട്.