വാഷിംഗ്ടണ്‍ – ഇറാനിലെ ഇന്ധന ഡിപ്പോകള്‍ ലക്ഷ്യമിട്ടുള്ള ഇസ്രായില്‍ വ്യോമാക്രമണം അമേരിക്കയില്‍ അതൃപ്തി ജനിപ്പിച്ചു. ഒമ്പത് ദിവസം മുമ്പ് യുദ്ധം ആരംഭിച്ചതിനുശേഷം രണ്ട് സഖ്യകക്ഷികള്‍ക്കിടയിലുള്ള ആദ്യത്തെ പ്രധാന അഭിപ്രായവ്യത്യാസമാണിതെന്ന് യു.എസ്, ഇസ്രായില്‍ ഉദ്യോഗസ്ഥർ പറയുന്നു. ആക്രമണങ്ങളുടെ വ്യാപ്തിയില്‍ അമേരിക്കന്‍ സൈന്യം അത്ഭുതപ്പെട്ടതായി യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് ഒരു നല്ല ആശയമാണെന്ന് അമേരിക്ക കരുതുന്നില്ല എന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. എന്താണ് സംഭവിക്കുന്നത് എന്ന് ചോദ്യമാണ് ഇസ്രായിലിനുള്ള യു.എസ് സന്ദേശമെന്ന് ഇസ്രായിലി ഉദ്യോഗസ്ഥന്‍ പ്രസ്താവിച്ചു. ഇറാനില്‍ സാധാരണക്കാരെ സേവിക്കുന്ന സൗകര്യങ്ങള്‍ ലക്ഷ്യമിടുന്നത് തിരിച്ചടിയാകുമെന്ന് അമേരിക്ക ഭയപ്പെടുന്നു. ഇറാന്‍ സമൂഹത്തെ സര്‍ക്കാരിനു ചുറ്റും അണിനിരത്താനും ആഗോള ഊര്‍ജ വിപണികളില്‍ അസ്വസ്ഥത സൃഷ്ടിക്കാനും എണ്ണ വില ഉയരാനും ഇത് കാരണമാകുമെന്നും അമേരിക്ക ഭയക്കുന്നു.
ഇറാനെതിരായ യു.എസ്-ഇസ്രായില്‍ ആക്രമണം തുടരുന്നതിനിടെ, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറും ചൊവ്വാഴ്ച ചര്‍ച്ചകള്‍ക്കായി ഇസ്രായില്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതായി മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇസ്രായിലിന്റെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടെ പ്രതീക്ഷകളെ മറികടക്കുന്ന ആക്രമണത്തില്‍, ഇറാനില്‍ ഏകദേശം 30 ഇന്ധന ഡിപ്പോകള്‍ക്ക് നേരെ ഇസ്രായില്‍ വ്യോമസേന ശനിയാഴ്ച വ്യോമാക്രമണം നടത്തി. ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ വലിയ തീപിടുത്തങ്ങള്‍ക്ക് ഇത് കാരണമായി. വളരെ ദൂരെ നിന്നു വരെ തീജ്വാലകള്‍ കാണാമായിരുന്നു. നഗരത്തിന്റെ വലിയ ഭാഗങ്ങളില്‍ കട്ടിയുള്ള പുക മൂടി.
ലക്ഷ്യമിട്ട ഇന്ധന ഡിപ്പോകള്‍ ഇറാന്‍ ഭരണകൂടം അവരുടെ സൈനിക വകുപ്പുകള്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ക്ക് ഇന്ധനം വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്നതായി ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായിലിലെ സിവിലിയന്‍ പശ്ചാത്തല സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് അവസാനിപ്പിക്കണമെന്ന സന്ദേശം ഇറാന് നല്‍കലും ആക്രമണത്തിന്റെ ലക്ഷ്യമാണെന്ന് ഇസ്രായിലി സൈനിക ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ തുടര്‍ച്ചയായ ആക്രമണങ്ങള്‍ മേഖലയിലുടനീളം സമാനമായ ആക്രമണങ്ങള്‍ നടത്താന്‍ തങ്ങളെ പ്രേരിപ്പിക്കുമെന്ന് ഇറാന്‍ സായുധ സേനയുടെ ഖാതം അല്‍അന്‍ബിയാ ഹെഡ്ക്വാര്‍ട്ടേഴ്സ് വക്താവ് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ഇതുവരെ പ്രാദേശിക ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിട്ടില്ല. മേഖലാ രാജ്യങ്ങളിലെ ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തിയാല്‍ എണ്ണവില ബാരലിന് 200 ഡോളറിലെത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇറാനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഉടനടി തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് വ്യക്തമാക്കി.



