വാഷിംഗ്ടണ്‍ – അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിലുള്ള തർക്കം മുറുകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഗാസയിലെ വെടിനിർത്തൽ മേൽനോട്ടത്തിനായി ട്രംപ് രൂപീകരിച്ച ‘സമാധാന ബോർഡിൽ’ (Peace Board) നിന്ന് കാനഡയെ ഒഴിവാക്കിയതാണ് ഏറ്റവും പുതിയ നടപടി. യുഎൻ മാതൃകയിൽ ട്രംപ് വിഭാവനം ചെയ്യുന്ന ഈ ബോർഡിലേക്ക് കാർണിക്കിന് നൽകിയിരുന്ന ക്ഷണം ട്രംപ് പിൻവലിച്ചു. ഗ്രീൻലാൻഡിന് മുകളിൽ അമേരിക്ക നിർമ്മിക്കാനുദ്ദേശിക്കുന്ന ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനത്തെ കാനഡ എതിർത്തതും ചൈനയുമായുള്ള വ്യാപാരബന്ധത്തിന് അനുകൂലമായി വോട്ട് ചെയ്തതുമാണ് ട്രംപിനെ ചൊടിപ്പിച്ചത്. കാനഡയെ ചൈന ഒരു വർഷത്തിനുള്ളിൽ തകർക്കുമെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പരിഹസിച്ചു. ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ, അമേരിക്കയുടെ പുതിയ നയങ്ങൾ അന്താരാഷ്ട്ര ക്രമത്തിന് ഭീഷണിയാണെന്നും ചെറുകിട രാജ്യങ്ങൾ ഇതിനെതിരെ ഒന്നിക്കണമെന്നും മാർക്ക് കാർണി പ്രസംഗിച്ചതോടെയാണ് ഭിന്നത പരസ്യമായത്. അമേരിക്കയുടെ താരിഫ് നയങ്ങളും കാനഡയെ 51-ാമത്തെ സംസ്ഥാനമായി കൂട്ടിച്ചേർക്കുമെന്ന ട്രംപിന്റെ ഭീഷണിയും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-വിനോദസഞ്ചാര മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. സമാധാന ബോർഡിൽ അംഗത്വത്തിന് 100 കോടി ഡോളർ നൽകണമെന്ന നിബന്ധനയും ട്രംപിന്റെ ഏകപക്ഷീയമായ അധികാരങ്ങളും കാരണം ജർമ്മനിയും ഫ്രാൻസും ഇതിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കാനഡ നിലനിൽക്കുന്നത് അമേരിക്കയുടെ കരുണയിലാണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക്, കാനഡ അഭിവൃദ്ധി പ്രാപിക്കുന്നത് കനേഡിയൻ ജനതയുടെ കരുത്തിലാണെന്ന് മാർക്ക് കാർണി മറുപടി നൽകി. ഇതോടെ ദീർഘകാലമായുള്ള യുഎസ്-കാനഡ-മെക്സിക്കോ വ്യാപാര കരാറിന്റെ ഭാവി പോലും ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



