വാഷിംഗ്ടണ്‍ – ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനും 80 ഫലസ്തീന്‍ അതോറിറ്റി നേതാക്കള്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും വിസ വിലക്കി അമേരിക്ക. സെപ്റ്റംബറില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയുക എന്ന ലക്ഷ്യത്തോടെയാണ് വിസ വിലക്കിയത്. മഹ്മൂദ് അബ്ബാസിനെയും 80 ഫലസ്തീന്‍ നേതാക്കളെയും യുഎന്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ന്യൂയോര്‍ക്കില്‍ എത്താന്‍ അനുവദിക്കില്ലെന്ന് അമേരിക്കന്‍ വിദേശ മന്ത്രാലയം പറഞ്ഞു.
സെപ്റ്റംബറില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിക്ക് മുന്നോടിയായി ഫലസ്തീന്‍ അതോറിറ്റി അംഗങ്ങള്‍ക്കുള്ള വിസ റദ്ദാക്കാനും വിസ നിഷേധിക്കാനും അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ തീരുമാനിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തെ കുറിച്ചുള്ള യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ക്ക് അമേരിക്ക വിസ അനുവദിക്കില്ലെന്നും വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലും അന്താരാഷ്ട്ര നീതിന്യായ കോടതിയിലും അപ്പീലുകള്‍ നല്‍കുന്നതും ഫലസ്തീന്‍ രാഷ്ട്രത്തിന് ഏകപക്ഷീയമായ അംഗീകാരം നേടിയെടുക്കാനുമുള്ള ശ്രമങ്ങളും അവസാനിപ്പിക്കണമെന്ന് അമേരിക്ക ഫലസ്തീന്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടു. ഈ രണ്ട് നടപടികളും ഹമാസ് ബന്ദികളെ മോചിപ്പിക്കാന്‍ വിസമ്മതിക്കുന്നതിനും ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തകരാനും കാരണമാകുന്നുണ്ടെന്ന് അമേരിക്ക വാദിച്ചു.
വിസ വിലക്കിയ അമേരിക്കയുടെ തീരുമാനത്തിൽ ഫലസ്തീന്‍ പ്രസിഡന്‍സി അഗാധമായ ഖേദം പ്രകടിപ്പിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തിനും യുഎന്‍ ആസ്ഥാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാറിനും വിരുദ്ധമാണ്. ഫലസ്തീന്‍ രാഷ്ട്രം ഐക്യരാഷ്ട്രസഭയിലെ നിരീക്ഷക അംഗമാണെന്നും അവർ പറഞ്ഞു. ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും തീരുമാനം പിന്‍വലിക്കണമെന്നും ഫലസ്തീന്‍ പ്രസിഡന്‍സി യുഎസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളോടും യുഎന്‍ പ്രമേയങ്ങളോടുമുള്ള തങ്ങളുടെ പ്രതിബദ്ധത ഫലസ്തീന്‍ അതോറിറ്റി വ്യക്തമാക്കി.
89 കാരനായ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നതായി യുഎന്നിലെ ഫലസ്തീന്‍ അംബാസഡര്‍ രിയാദ് മന്‍സൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അമേരിക്കന്‍ വിദേശ മന്ത്രാലയത്തിന്റെ തീരുമാനം എന്താണെന്നും ഞങ്ങളുടെ പ്രതിനിധി സംഘത്തിലെ ഓരോ അംഗത്തിനും ഇത് എങ്ങിനെ ബാധകമാണെന്നും ഞങ്ങള്‍ കൃത്യമായി പരിശോധിക്കും. അതിനനുസരിച്ച് ഞങ്ങള്‍ പ്രതികരിക്കുമെന്നും രിയാദ് മന്‍സൂര്‍ പറഞ്ഞു.
പൊതുസഭാ യോഗങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പുള്ള ഉച്ചകോടിയില്‍ ഫലസ്തീനികള്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളുടെയും നിരീക്ഷക പദവിയുള്ള രാജ്യങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കേണ്ടത് പ്രധാനമാണെന്ന് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.
ഗാസയില്‍ ഏകദേശം രണ്ട് വര്‍ഷമായി നടക്കുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ നിരാശ പ്രകടിപ്പിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഇനി കാലതാമസം വരുത്താന്‍ കഴിയില്ലെന്നും പറഞ്ഞു. യു.എന്‍ ജനറല്‍ അസംബ്ലിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് ഒരു ദിവസം മുമ്പ്, സെപ്റ്റംബര്‍ 22 ന് ദ്വിരാഷ്ട്ര പരിഹാര ഉച്ചകോടിക്ക് മാക്രോണ്‍ ആഹ്വാനം ചെയ്തു.
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാശ്ചാത്യ രാജ്യമായിരിക്കും ഫ്രാന്‍സ്. സമ്മേളനം പ്രഖ്യാപിച്ച ശേഷം, കാനഡയും ഓസ്ട്രേലിയയും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്നാണ് വിവരം. ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതിച്ചില്ലെങ്കില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബ്രിട്ടനും വ്യക്തമാക്കിയിട്ടുണ്ട്.