വാഷിംഗ്ടണ്‍ – ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെ, ഇറാനുമായി നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ കണക്കിലെടുത്ത് അമേരിക്കയും ഇസ്രായിലും രണ്ട് മുതിര്‍ന്ന ഇറാന്‍ നേതാക്കള്‍ക്ക് ആക്രമണത്തില്‍ നിന്ന് താല്‍ക്കാലിക പരിരക്ഷ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിക്കും പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫിനുമാണ് പ്രത്യേക പരിരക്ഷ നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നടക്കുന്ന ചര്‍ച്ചകളുടെ കാലയളവ് കവര്‍ ചെയ്യുന്ന നിലക്ക് കുറഞ്ഞത് അഞ്ച് ദിവസത്തേക്കെങ്കിലും പരിരക്ഷക്ക് സാധുതയുള്ളതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ യു.എസ്, ഇസ്രായിലി, ഇറാന്‍ അധികൃതര്‍ ഈ ക്രമീകരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇറാനുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ ആക്‌സിയോസിനോട് പറഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവായ സ്റ്റീവ് വിറ്റ്‌കോഫ് വാന്‍സിന്റെ ഇടപെടല്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇറാനില്‍ കരസേനാ ഓപ്പറേഷന്‍ ഓപ്ഷനായി തുടരുന്നുവെന്നും എന്നാല്‍ ട്രംപ് ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്കുള്ള സാധ്യതകളെ കുറിച്ച് പ്രസിഡന്റ് ട്രംപ് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നുണ്ടെന്നും പാകിസ്ഥാനില്‍ കൂടിക്കാഴ്ച സാധ്യമാണെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
ട്രംപ് രണ്ടുതവണ തങ്ങളെ വഞ്ചിച്ചുവെന്നും മൂന്നാം തവണയും വഞ്ചിക്കപ്പെടുന്നത് അംഗീകരിക്കില്ലെന്നും ഇറാന്‍ മധ്യസ്ഥരെ അറിയിച്ചതായി ഒരു സ്രോതസ്സ് ആക്‌സിയോസിനോട് പറഞ്ഞു. മേഖലയില്‍ കൂടുതല്‍ യു.എസ് സൈനികരെ വിന്യസിച്ചത് ട്രംപിന്റെ ചര്‍ച്ചാ വാഗ്ദാനം വെറും ഒരു തന്ത്രമാണെന്ന സംശയം ശക്തിപ്പെടുത്തുന്നതായും ഇറാന്‍ മധ്യസ്ഥരോട് പറഞ്ഞു. എന്നിരുന്നാലും, ചര്‍ച്ചകളെ കുറിച്ചുള്ള പ്രസിഡന്റ് ട്രംപിന്റെ യഥാര്‍ഥ താല്‍പര്യം വൈറ്റ് ഹൗസ് ഇറാനെ ബോധ്യപ്പെടുത്തി. വൈസ് പ്രസിഡന്റിന്റെ പങ്കാളിത്ത സാധ്യത ട്രംപിന്റെ പ്രതിബദ്ധതയുടെ അടയാളമായി സൂചിപ്പിച്ചു. വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക നിലപാട് കാരണവും ഇറാന്‍ അദ്ദേഹത്തെ ഒരു കര്‍ക്കശക്കാരനായി കണക്കാക്കാത്തതിനാലുമാണ് വിറ്റ്‌കോഫ് അദ്ദേഹത്തിന്റെ ഇടപെടലിന് ശുപാര്‍ശ ചെയ്തത്.



