ന്യൂഡൽഹി– ഉന്നാവ് ബലാത്സംഗക്കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സേംഗറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സിബിഐ നൽകിയ അപ്പീൽ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ നിർണായക ഇടപെടൽ. 2017-ൽ 16 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പൊതുസേവകർക്ക് നൽകുന്ന പരമാവധി ശിക്ഷയായ ജീവപര്യന്തം തടവാണ് വിചാരണക്കോടതി സേംഗറിന് വിധിച്ചിരുന്നത്. എന്നാൽ, എംഎൽഎ പൊതുസേവകന്റെ നിർവചനത്തിൽ വരില്ലെന്നും പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം ഏഴുവർഷം തടവ് മതിയെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി ശിക്ഷ സസ്‌പെൻഡ് ചെയ്തത്. സേംഗർ ഇതിനോടകം ഏഴുവർഷത്തിലേറെ ജയിലിൽ കഴിഞ്ഞെന്നതും ഹൈക്കോടതി കണക്കിലെടുത്തിരുന്നു.
അതേസമയം, അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷ അനുഭവിക്കുന്നതിനാൽ സേംഗർ നിലവിൽ ജയിലിലാണ്. ഹൈക്കോടതി വിധിക്കെതിരെ അതിജീവിതയും കുടുംബവും ഇന്ത്യാ ഗേറ്റിന് മുന്നിലും ഡൽഹി ഹൈക്കോടതിക്ക് മുന്നിലും പ്രതിഷേധിച്ചിരുന്നു. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് നീക്കിയത് വലിയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.



