ജനീവ- അധിനിവേശ ഫലസ്തീനിൽ ഇസ്രായിൽ സൈന്യം തുടരുന്ന നിയമവിരുദ്ധമായ കുടിയേറ്റവും സാന്നിധ്യവും ഒരു വർഷത്തിനുള്ളിൽ അവസാനിപ്പിക്കണമെന്ന പ്രമേയം യുനൈറ്റഡ് നേഷൻ(യു.എൻ) പൊതുസഭ അംഗീകരിച്ചു. 14ന് എതിരെ 124 വോട്ടുകൾക്കാണ് പ്രമേയം പാസായത്. ഇന്ത്യയടക്കം 43 രാജ്യങ്ങൾ പ്രമേയത്തിൽനിന്ന് വിട്ടുനിന്നു. പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാനുള്ള മാർഗം ഇതു മാത്രമാണെന്നും പ്രമേയം വ്യക്തമാക്കി. ഫലസ്തീൻ പ്രശ്നവും ദ്വിരാഷ്ട്ര പരിഹാരവും സംബന്ധിച്ച യുഎൻ പ്രമേയങ്ങൾ നടപ്പിലാക്കുന്നതിനായി അന്താരാഷ്ട്ര സമ്മേളനം വിളിച്ചുകൂട്ടാൻ തീരുമാനിച്ചു.
ഇസ്രായിലിൻ്റെ അനേക ദശാബ്ദക്കാലത്തെ നിയമവിരുദ്ധമായ അധിനിവേശം ഫലസ്തീനികളുടെ മനുഷ്യാവകാശങ്ങളെ തുരങ്കം വയ്ക്കുകയും മിഡിൽ ഈസ്റ്റിൽ ഒരു സമാധാന പ്രക്രിയയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതായി ബെൽജിയത്തിന്റെ പ്രതിനിധി പറഞ്ഞു.
ജപ്പാൻ, ലാത്വിയ, ഫ്രാൻസ്, എസ്തോണിയ, സൈപ്രസ്, മൊണാക്കോ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും അന്താരാഷ്ട്ര നിയമവും ലോക കോടതിയുടെ പ്രധാന പങ്കും ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ ആവശ്യകതയും എടുത്തുപറഞ്ഞു.