കൊച്ചി- സ്റ്റേഡിയത്തിന്റെ മുകളിൽനിന്ന് താഴേക്ക് വീണു ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് റിനൈ മെഡിക്കൽ സിറ്റി ഡയറക്ടർ പറഞ്ഞു.
ബി.പിയിൽ നേരിയ വ്യതിയാനമുണ്ട്. മറ്റു ആരോഗ്യപ്രശ്നങ്ങളില്ല. രക്തസ്രാവം പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. ശ്വാസകോശത്തിലുണ്ടായ രക്തസ്രാവം നിയന്ത്രിച്ചു. ന്യൂമോണിയ ഉണ്ടാകാതിരിക്കാനുള്ള ശ്രമം തുടരുകയാണെന്നും തലയിലെ പരിക്ക് അതീവഗുരുതരമല്ലെന്നും ഡോക്ടർ അറിയിച്ചു. അതേസമയം, ആശങ്ക പൂർണ്ണമായും ഒഴിവായിട്ടില്ലെന്നും ഡോക്ടർ പറഞ്ഞു.
കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർ നാഷണൽ സ്റ്റേഡിയത്തിന്റെ വി.ഐ.പി ഗ്യാലറിയിൽ നിന്ന് വീണാണ് കോൺഗ്രസ് നേതാവും തൃക്കാക്കര എം.എൽ.എയുമായ ഉമ തോമസിന് പരിക്കേറ്റത്. കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച 12000 ഭരതനാട്യ നർത്തകർ പങ്കെടുക്കുന്ന മൃദംഗനടനം നൃത്തസന്ധ്യ പരിപാടിക്ക് എത്തിയതായിരുന്നു എം.എൽ.എ. താത്കാലികമായി തയ്യാറാക്കിയ വി.ഐ.പി ഗ്യാലറിയിൽ നിന്ന് 20 അടിയോളം താഴ്ചയിലേക്ക് എം.എൽ.എ വീഴുകയായിരുന്നു.
പരിപാടി തുടങ്ങാറായപ്പോഴാണ് എം.എൽ.എ എത്തിയത്. മന്ത്രി സജി ചെറിയാനെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോൾ, ഗ്യാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.