ലണ്ടൻ- ഇസ്രായിലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്ന പശ്ചാത്തലത്തിൽ എത്രയും വേഗം ലെബനോണിൽനിന്ന് തിരിച്ചുവരാൻ ബ്രിട്ടൻ തങ്ങളുടെ പൗരൻമാരോട് ആവശ്യപ്പെട്ടു. കിട്ടുന്ന വിമാനത്തിൽ കയറി രാജ്യം വിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മേഖലയിലെ പിരിമുറുക്കങ്ങൾ വളരെ ഉയർന്നതാണെന്നും ഉടൻ രാജ്യം വിടണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സ്ഥിതിഗതികൾ അതിവേഗം വഷളായേക്കാമെന്ന് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി പറഞ്ഞു. ലെബനനിലെ കോൺസുലർ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി ഞങ്ങൾ രാപ്പകലില്ലാതെ പ്രവർത്തിക്കുകയാണെന്നും ഉടൻ രാജ്യം വിടാനാണ് നിർദ്ദേശം നൽകിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ലെബനോണിലേക്കുള്ള വിമാന സർവീസുകൾ തിങ്കളാഴ്ച മുതൽ ഉണ്ടായിരിക്കില്ലെന്ന് കുവൈത്തും അറിയിച്ചു. മേഖലയിലെ “സുരക്ഷാ” ആശങ്കകൾ കണക്കിലെടുത്ത് എയർ ഫ്രാൻസും കുറഞ്ഞ നിരക്കിലുള്ള കാരിയറായ ട്രാൻസ്‌വിയ ഫ്രാൻസും ബെയ്‌റൂട്ടിലേക്കുള്ള വിമാനങ്ങൾ ചൊവ്വാഴ്ച വരെ നിർത്തിവെച്ചു.