ഗാസ സിറ്റി: കൂടുതൽ സൈന്യത്തെ അയച്ച് ഗാസ പിടിച്ചടക്കാനുള്ള നടപടിയിലേക്ക് ഇസ്രായിൽ കടന്നതിനു പിന്നാലെ സയണിസ്റ്റ് രാഷ്ട്രത്തിന് കടുത്ത മുന്നറിയിപ്പുമായി ബ്രിട്ടൻ, ഫ്രാൻസ്, കാനഡ രാജ്യങ്ങൾ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ സംയുക്ത പ്രസ്താവനയിലാണ് ഇസ്രായിലിനെതിരെ പ്രതികരിച്ചത്. ഗാസയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം അസഹനീയമാണെന്നും പരിമിതമായ സഹായം മാത്രം അനുവദിക്കുന്ന ഇസ്രായിൽ തീരുമാനം അപര്യാപ്തമാണെന്നും മാനുഷിക സഹായത്തിന് ഇസ്രായിൽ ഏർപ്പെടുത്തിയ നിയന്ത്രണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവനയുടെ പൂർണരൂപം:
ഗാസയിൽ ഇസ്രായിൽ സൈനിക നടപടി വിപുലമാക്കിയതിനെ ഞങ്ങൾ ശക്തമായി എതിർക്കുന്നു. ഗാസയിലെ മനുഷ്യ ദുരിതത്തിന്റെ തോത് അസഹനീയമാണ്. ഗാസയിലേക്ക് അടിസ്ഥാനതോതിൽ ഭക്ഷണം അനുവദിക്കുമെന്ന ഇസ്രായിലിന്റെ പ്രഖ്യാപനം തീർത്തും അപര്യാപ്തമാണ്. ഗാസയിലെ സൈനിക നടപടികൾ നിർത്തിവയ്ക്കാനും മാനുഷിക സഹായം ഉടൻ പ്രവേശിക്കാൻ അനുവദിക്കാനും ഞങ്ങൾ ഇസ്രായിൽ ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു. ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് മാനുഷിക തത്വങ്ങൾക്ക് അനുസൃതമായി സഹായ വിതരണം പുനരാരംഭിക്കുന്നത് ഉൾപ്പെടണം. 2023 ഒക്ടോബർ 7 മുതൽ ഹമാസ് ക്രൂരമായി പിടിച്ചുവച്ച ബന്ദികളെ ഉടൻ വിട്ടയക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. സാധാരണ ജനങ്ങൾക്ക് അവശ്യ മാനുഷിക സഹായം നിഷേധിക്കുന്ന ഇസ്രായിൽ ഗവൺമെന്റിന്റെ നടപടി അംഗീകരിക്കാനാവാത്തതാണ്. മാത്രമല്ല ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനവുമാണ്.
ഗാസയിലെ നാശനഷ്ടങ്ങളിൽ നിരാശരായ സാധാരണ ജനങ്ങൾ അവിടം വിട്ടുപോകുമെന്ന ഭീഷണി സ്വരത്തിലുള്ള ഇസ്രായിൽ ഗവൺമെന്റിലെ അംഗങ്ങളുടെ ഭാഷാപ്രയോഗത്തെ ഞങ്ങൾ അപലപിക്കുന്നു. ജനങ്ങളെ അവരുടെ ഭൂമിയിൽ നിന്ന് സ്ഥിരമായി ഒഴിപ്പിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനമാണ്. 2023
ഒക്ടോബർ 7-ന് ഇസ്രായിൽ ഭീകരമായ ആക്രമണം നേരിട്ടു. ഭീകരവാദത്തിനെതിരെ ഇസ്രായിലിന് ജനങ്ങളെ സംരക്ഷിക്കാനുള്ള അവകാശത്തെ ഞങ്ങൾ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ അതിക്രമം ആനുപാതികമല്ല. നെതന്യാഹു ഗവൺമെന്റ് ഈ ഹീനമായ പ്രവർത്തനങ്ങൾ തുടരുമ്പോൾ ഞങ്ങൾ നോക്കിനിൽക്കില്ല. ഇസ്രായിൽ സൈനിക ആക്രമണം അവസാനിപ്പിക്കുകയും മാനുഷിക സഹായത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തില്ലെങ്കിൽ, ഞങ്ങൾ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കും.
വെസ്റ്റ് ബാങ്കിൽ കുടിയേറ്റങ്ങൾ വിപുലീകരിക്കാനുള്ള ഏതൊരു ശ്രമത്തെയും ഞങ്ങൾ എതിർക്കുന്നു. ഫലസ്തീൻ രാഷ്ട്രത്തിന്റെ സാധ്യതയെയും ഇസ്രായിലികളുടെയും പലസ്തീനികളുടെയും സുരക്ഷയെയും ദുർബലപ്പെടുത്തുന്ന, നിയമവിരുദ്ധമായ കുടിയേറ്റങ്ങൾ ഇസ്രായിൽ നിർത്തണം.
ഗാസയിൽ ഉടനടി വെടിനിർത്തൽ ഉറപ്പാക്കാൻ യു.എസ്, ഖത്തർ, ഈജിപ്ത് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളെ ഞങ്ങൾ ശക്തമായി പിന്തുണയ്ക്കുന്നു. ബന്ദികളുടെയും അവരുടെ കുടുംബങ്ങളുടെയും കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്നതിനും ഗാസയിലെ സാധാരണ ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനും ഹമാസിന്റെ ഗാസയിലെ നിയന്ത്രണം അവസാനിപ്പിക്കുന്നതിനും, സൗദി അറേബ്യയും ഫ്രാൻസും സഹ-നേതൃത്വം നൽകിയ 2024 ജൂൺ 18-ലെ ന്യൂയോർക്ക് സമ്മേളനത്തിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള പാത തുറക്കണം. വെടിനിർത്തലും ശേഷിക്കുന്ന എല്ലാ ബന്ദികളുടെയും മോചനവും ദീർഘകാല രാഷ്ട്രീയ പരിഹാരവുമാണ് ഏറ്റവും മികച്ച പ്രതീക്ഷ. ഈ ചർച്ചകൾ വിജയിക്കേണ്ടതുണ്ട്. ഇസ്രായിലികൾക്കും ഫലസ്തീനികൾക്കും അർഹമായ ദീർഘകാല സമാധാനവും സുരക്ഷയും ഉറപ്പാക്കാനും, പ്രദേശത്ത് ദീർഘകാല സ്ഥിരത ഉറപ്പാക്കാനും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ നടപ്പാക്കലിനായി നാം എല്ലാവരും പ്രവർത്തിക്കണം. അറബ് പദ്ധതിയെ അടിസ്ഥാനമാക്കി, ഗാസയുടെ ഭാവിക്കായുള്ള ക്രമീകരണങ്ങളിൽ ഐക്യരാഷ്ട്രസഭ, പ്രാദേശിക പങ്കാളികൾ, ഇസ്രായിൽ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവയുമായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കും.
തള്ളിക്കളഞ്ഞ് ഇസ്രായിൽ; നടപടിയുമായി മുന്നോട്ടുപോകും
മൂന്നു രാഷ്ട്രങ്ങളുടെ ശക്തമായ പ്രസ്താവനയെ തള്ളിക്കളഞ്ഞ ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഗാസ പിടിച്ചടക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ചു. ബ്രിട്ടനും ഫ്രാൻസും കാനഡയും ഹമാസിന്റെ ഒക്ടോബർ 7 ആക്രമണത്തിന് പിന്തുണ നൽകുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും, ഗാസ പിടിച്ചടക്കുക എന്ന യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നിലപാടിനൊപ്പം നിൽക്കുകയാണ് യൂറോപ്യൻ രാജ്യങ്ങൾ ചെയ്യേണ്ടതെന്നും നെതന്യാഹു പറഞ്ഞു.