അബുദാബി – കഴിഞ്ഞ മാസം ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ശൈഖ് ഹസീന അധികാര ഭ്രഷ്ടയാക്കപ്പെടുന്നതിലേക്ക് നയിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തോടനുബന്ധിച്ച് യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ നിയമ വിരുദ്ധമായി സംഘടിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും കലാപം നടത്തുകയും ചെയ്ത കേസില്‍ കുറ്റക്കാരായ ബംഗ്ലാദേശുകാര്‍ക്ക് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ മാപ്പ് നല്‍കി.
കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ യു.എ.ഇയില്‍ നിന്ന് നാടുകടത്തും. യു.എ.ഇ പ്രസിഡന്റിന്റെ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രതികള്‍ക്കുള്ള ശിക്ഷകള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനും ഇവരെ രാജ്യത്തു നിന്ന് നാടുകടത്താനുള്ള നടപടികള്‍ സ്വീകരിക്കാനും അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ ഡോ. ഹമദ് അല്‍ശാംസി ഉത്തരവിട്ടു.
യു.എ.ഇയില്‍ കഴിയുന്ന എല്ലാവരും രാജ്യത്തെ നിയമങ്ങള്‍ മാനിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യ പ്രകടനം രാജ്യത്തെ നിയമങ്ങളും ഭരണകൂടവും സംരക്ഷിച്ചിരിക്കുന്ന അവകാശമാണ്. രാജ്യത്തിന്റെയും യു.എ.ഇയില്‍ കഴിയുന്നവരുടെയും താല്‍പര്യങ്ങള്‍ക്ക് ഹാനികരമാകുന്ന നടപടികളായി ഈ അവകാശം മാറുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട്, അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഭരണകൂടം നിയമാനുസൃതമായ മാര്‍ഗങ്ങള്‍ നല്‍കുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.