ദുബായ് – ഇക്കഴിഞ്ഞ വെള്ളിയാഴ്ച യു.എ.ഇയിലെ ഏതാനും തെരുവുകളില്‍ നിയമ വിരുദ്ധമായി കൂട്ടംകൂടുകയും കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്ത കേസില്‍ 57 ബംഗ്ലാദേശുകാരെ അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി ശിക്ഷിച്ചു.
സ്വന്തം രാജ്യത്തെ ഗവണ്‍മെന്റിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ ശ്രമിച്ച് പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിനും കലാപങ്ങള്‍ക്ക് പ്രേരിപ്പിച്ചതിനും പ്രതികളില്‍ മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവാണ് ശിക്ഷ. മറ്റു 53 പ്രതികള്‍ക്ക് പത്തു വര്‍ഷം വീതം തടവാണ് ശിക്ഷ വിധിച്ചത്. നിയമ വിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുകയും കലാപത്തില്‍ പങ്കെടുക്കുകയും ചെയ്ത ഒരു പ്രതിയെ കോടതി 11 വര്‍ഷം തടവിനും ശിക്ഷിച്ചു.
ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താന്‍ കോടതി ഉത്തരവിട്ടു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങള്‍ കണ്ടുകെട്ടാനും വിധിയുണ്ട്. ബംഗ്ലാദേശില്‍ അരങ്ങേറിയ സംവരണ വിരുദ്ധ വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് യു.എ.ഇയില്‍ ബംഗ്ലാദേശുകാര്‍ നിയമ വിരുദ്ധമായി കൂട്ടംകൂടുകയും കലാപത്തിന് ശ്രമിക്കുകയും ചെയ്തത്. സമാന സംഭവത്തില്‍ സൗദിയിലും ബംഗ്ലാദേശുകാര്‍ അറസ്റ്റിലായിട്ടുണ്ട്.