ആലപ്പുഴ- ആലപ്പുഴ- തന്റെ മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത തെറ്റിദ്ധാരണാ ജനകമാണെന്ന് യു പ്രതിഭ എം.എൽ.എ. മകനെയും സുഹൃത്തുക്കളെയും മുപ്പതു ഗ്രാം കഞ്ചാവുമായി പിടികൂടിയെന്ന് ചില മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണെന്നും യു പ്രതിഭ പറഞ്ഞു. മനുഷ്യന്റെ മാംസം തിന്നിട്ടാണെങ്കിലും ജീവിക്കാമെന്ന് കരുതുന്ന ഒരു കൂട്ടം ജീവിക്കുന്നുവെന്നും യു. പ്രതിഭ പറഞ്ഞു.
ഒരു കുഞ്ഞും തെറ്റായ വഴികളിലൂടെ പോകരുത് എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ഇല്ലാത്തൊരു വാർത്ത ഏഷ്യാനെറ്റും മീഡിയ വണ്ണും 24 ന്യൂസും പ്രസിദ്ധീകരിച്ചിരിക്കുകയാണ്. മദ്യത്തിനും മയക്കുമരുന്നിനും എതിരെ ഏറ്റവും കൂടുതൽ ക്യാംപയിൻ നടത്തുന്ന ഒരാളാണ് ഞാൻ. അങ്ങിനെയുള്ള എനിക്കെതിരെ വാർത്ത കൊടുക്കുമ്പോൾ ചിലർക്ക് ചാരിതാർഥ്യമുണ്ടാകും. മാംസദാഹികളും രക്തമോഹികളുമാണ് വ്യാജ വാർത്തക്ക് പിന്നിലെന്നും യു. പ്രതിഭ എം.എൽ.എ ആരോപിച്ചു. മകനൊപ്പമാണ് പ്രതിഭ ഫെയ്സ്ബുക്ക് ലൈവിൽ വന്നത്.
കായംകുളം എം.എൽ.എ യു.പ്രതിഭയുടെ മകൻ കഞ്ചാവുമായി പിടിയിലെന്ന് ഇന്ന് വൈകിട്ട് ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. പ്രതിഭയുടെ മകൻ കനിവ് (21) ആണ് കുട്ടനാട് എക്സൈസ് സ്ക്വാഡിന്റെ പിടിയിലായത് എന്നായിരുന്നു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തകഴി പാലത്തിനടിയിൽ നിന്ന് കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.