അബഹ – സൗദിയിലെ നിയമങ്ങള്‍ ലംഘിച്ച് അബഹ നഗരത്തില്‍ ബിനാമിയായി പെട്രോള്‍ ബങ്ക് നടത്തിയ രണ്ടു മലയാളികളെയും ഇവര്‍ക്ക് ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത രണ്ടു സൗദി പൗരന്മാരെയും അബഹ ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. മലയാളികളായ നിസാം അബ്ദുറഹ്മാന്‍, നിസാര്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ക്കും സൗദി പൗരന്മാരായ ഖാലിദ് അലി അബ്ദുല്ല അബൂസന്ദ, സഅദ് അലി അബ്ദുല്ല അല്‍ശഹ്‌രി എന്നിവര്‍ക്കുമാണ് ശിക്ഷ.
നാലു പേര്‍ക്കും കോടതി പിഴ ചുമത്തി.
പെട്രോള്‍ ബങ്ക് അടപ്പിക്കാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിയുണ്ട്. ഇതേ മേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ നടത്തുന്നതില്‍ നിന്ന് സൗദി പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.
സകാത്തും നിയമാനുസൃത ഫീസുകളും നികുതികളും നിയമ ലംഘകരില്‍ നിന്ന് ഈടാക്കാനും വിധിയുണ്ട്. മലയാളികളെ സൗദിയില്‍ നിന്ന് നാടുകടത്താനും പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. മലയാളികളുടെയും സൗദി പൗരന്മാരുടെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നാലു പേരുടെയും ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി വിധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
അബഹയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കില്‍ വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനക്കിടെ സ്ഥാപനം ബിനാമിയായി മലയാളികള്‍ നടത്തുന്നത് സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്തുകയായിരുന്നു. ബിനാമി ബിസിനസിലൂടെ സമ്പാദിക്കുന്ന പണം മലയാളികള്‍ വിദേശത്തേക്ക് അയക്കുകയായിരുന്നെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു. സൗദിയില്‍ ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.